മറയൂർ: കാട്ടാനയുടെ ആക്രമണത്തിൽ അന്ധയുവതി മരിച്ചു. രക്ഷിക്കാനെത്തിയ അമ്മയെയും കാട്ടാന ആക്രമിച്ചു. കാന്തല്ലൂർ ഗ്രാമപഞ്ചായത്തിലെ കുണ്ടക്കാട് ഭാഗത്ത് താമസക്കാരായ ഭാസ്കരെൻറ മകൾ ബേബിയാണ് (24) മരിച്ചത്. മാതാവ് സരോജനിക്കാണ് (65) പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് വീട്ടുമുറ്റത്ത് നിന്ന ബേബിയെ കാട്ടാന കുത്തിവീഴ്ത്തുകയും തൂക്കിയെറിയുകയും ചെയ്തു. മകളെ കാട്ടാന ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ സരോജനിയെയും ആക്രമിക്കുകയായിരുന്നു. വീടിനുമുന്നിൽ ഒറ്റയാൻ ചിന്നം വിളിച്ച് നിലയുറപ്പിച്ചതിനാൽ ആദ്യം സമീപവാസികൾക്ക് അടുക്കാൻ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാർ സംഘടിച്ച് എത്തി കാട്ടാനയെ തുരത്തിയശേഷമാണ് പരിക്കേറ്റവരെ മറയൂർ സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. ബേബിയുടെ പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ. രണ്ടുദിവസമായി ഒറ്റയാൻ പ്രദേശത്ത് ചുറ്റിത്തിരിയുകയായിരുന്നു. ഈ വിവരം മറയൂർ ഡിവിഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിെച്ചങ്കിലും നടപടിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.