ജനങ്ങളുടെമേല്‍ കുതിരകയറാനുള്ളതല്ല പൊലീസ് – മന്ത്രി ജി. സുധാകരന്‍

കോട്ടയം: ജനങ്ങളുടെമേല്‍ കുതിരകയറാനുള്ളതല്ല പൊലീസെന്ന് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാര്‍ നല്ലഭരണം കാഴ്ചവെക്കുമ്പോള്‍ ചില പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും നോട്ടക്കുറവുകൊണ്ട് പാടില്ലാത്ത പലകാര്യങ്ങളും നടക്കുന്നു. ഇതൊന്നും ഗവണ്‍മെന്‍റിന്‍െറ ശൈലിയല്ല. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 68ാമത് റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച കോട്ടയം ജില്ലതല ആഘോഷചടങ്ങില്‍ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചശേഷം സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഭരണത്തിന്‍െറ മുകള്‍ത്തട്ടുമുതല്‍ താഴെതട്ടുവരെ വികേന്ദ്രീകരിക്കുന്ന ജനാധിപത്യത്തിന്‍െറ അധികാരങ്ങളും അവകാശങ്ങളും 100 ശതമാനവും ഉറപ്പിക്കാന്‍ നമുക്കാകണം. സെക്രട്ടേറിയറ്റ് മുതല്‍ വില്ളേജ് ഓഫിസ് വരെ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തത്തോടെ ജോലിചെയ്ത് സംസ്ഥാനത്തിന്‍െറ വികസനപ്രക്രിയയില്‍ പങ്കാളികളാകണം. എന്‍ജിനീയര്‍മാര്‍ പാലത്തില്‍ വിള്ളല്‍ ഉണ്ടാകാനോ റോഡുകള്‍ തകരാനോ അല്ല പണിയെടുക്കേണ്ടത്. കേരളം പുരോഗതിയുടെ പാതയില്‍ മുന്നേറുകയാണ്. 2.15 ലക്ഷം ശൗചാലയങ്ങള്‍ അര്‍ഹരായവര്‍ക്ക് നിര്‍മിച്ചുനല്‍കി. ഏപ്രില്‍ 30നകം എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും. ഭാവിയുടെ വാഗ്ദാനങ്ങളായ യുവതലമുറയെ തളര്‍ത്തുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം തടയാനാണ് സര്‍ക്കാര്‍ വിമുക്തി ലഹരിവര്‍ജന മിഷന് തുടക്കംകുറിച്ചത്. സംസ്ഥാനത്തെ വീടില്ലാത്ത ഏഴര ലക്ഷം പേര്‍ക്ക് വീട് നല്‍കി എല്ലാവര്‍ക്കും വീട് എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പുതിയ സാങ്കേതികവിദ്യകളുടെ ഫലം പ്രൈമറി തലം വരെ എത്തണമെന്നും മന്ത്രി പറഞ്ഞു. പുതിയ കാലം, പുതിയ നിര്‍മാണം എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ജില്ല കലക്ടര്‍ സി.എ. ലത, ജില്ല പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. സണ്ണി പാമ്പാടി, ജില്ല പഞ്ചായത്ത് അംഗം സുഗതന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം എ.ആര്‍ ക്യാമ്പിലെ റിസര്‍വ് ഇന്‍സ്പെക്ടര്‍ എം.പി. ബാബുവിന്‍െറ നേതൃത്വത്തിലാണ് പരേഡ് നടന്നത്. ജില്ല ഹെഡ്ക്വാര്‍ട്ടര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.കെ. നാരായണന്‍ കര്‍ത്ത, ഗാന്ധിനഗര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ സിജിന്‍ മാത്യു, കോട്ടയം വനിത സെല്‍ സബ് ഇന്‍സ്പെക്ടര്‍ റജിമോള്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.ആര്‍. രാജേഷ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.വി. രതീഷ് എന്നിവര്‍ പൊലീസ് പ്ളാറ്റൂണുകളെ നയിച്ചു. ഗണേഷ് കുമാര്‍, എബി ജോസഫ്, കൃഷ്ണേന്ദു, ചര്‍ച്ചിക രംഗനാഥന്‍ എന്നിവര്‍ സ്റ്റുഡന്‍റ് പൊലീസ് പ്ളാറ്റൂണിനെയും കോട്ടയം എം.ഡി.എസ്.എച്ച്.എസ്.എസിലെ ജോയല്‍ ജോസഫ് എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ ആണ്‍കുട്ടികളുടെ പ്ളാറ്റൂണിനെയും ഡോണി ജോണ്‍സണ്‍ എന്‍.സി.സി നേവി സീനിയര്‍ ഡിവിഷനെയും നയിച്ചു. എന്‍.സി.സി സീനിയര്‍ ഡിവിഷന്‍ പെണ്‍കുട്ടികളുടെ പ്ളാറ്റൂണുകളെ എം.ഡി.എസ്.എച്ച്.എസ്.എസിലെ ആഷിന്‍ റായ് ബിജു, ബി.സി.എം കോളജിലെ ഇ.വി. പാര്‍വതി എന്നിവര്‍ നയിച്ചു. എന്‍.സി.സി ജൂനിയര്‍ വിഭാഗത്തില്‍ വടവാതൂര്‍ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഹരീഷ് മോഹന്‍ ആണ്‍കുട്ടികളുടെയും ആഷ്ലി ജോര്‍ജ് പെണ്‍കുട്ടികളുടെയും പ്ളാറ്റൂണുകള്‍ക്ക് നേതൃത്വം നല്‍കി. ഗ്രീന്‍ പോട്ടോകോള്‍ നടപ്പാക്കി എന്ന പ്രത്യേകതയും ഇത്തവണത്തെ ആഘോഷ പരിപാടികള്‍ക്കുണ്ട്. പരേഡില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്ളാറ്റൂണുകള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ ഉപന്യാസമത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.