സ്കൂളിന് സമീപം റബര്‍ മാലിന്യം കത്തിച്ചു; വിദ്യാര്‍ഥികള്‍ക്കും അധ്യാപികക്കും ശ്വാസംമുട്ടലും ഛര്‍ദിയും

കാഞ്ഞിരപ്പള്ളി: റബറിന്‍െറ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതില്‍നിന്ന് ഉയര്‍ന്ന രൂക്ഷഗന്ധമുള്ള പുക ശ്വസിച്ച് രണ്ട് സ്കൂളുകളിലെ കുട്ടികള്‍ക്ക് ഛര്‍ദിയും അസ്വസ്ഥതയും അനുഭവപ്പെട്ടു. ഉച്ചവരെ ഇരു സ്കൂളുകളിലെയും ക്ളാസുകള്‍ മുടങ്ങി. കാഞ്ഞിരപ്പള്ളി ടൗണില്‍ പേട്ടക്കവലക്ക് സമീപത്തെ മൈക്ക ഇംഗ്ളീഷ് മീഡിയം സ്കൂള്‍, എന്‍.എച്ച്.എ യു.പി സ്കൂള്‍ എന്നിവയിലേക്കാണ് സമീപത്തെ പറമ്പില്‍നിന്ന് പുക പടര്‍ന്നത്. മൈക്ക ഇംഗ്ളീഷ് മീഡിയം സ്കൂളിലെ ഒരു അധ്യാപികക്കും രണ്ട് കുട്ടികള്‍ക്കും ഛര്‍ദിയും ഇരുപതോളം കുട്ടികള്‍ക്ക് ചുമയും അസ്വസ്ഥതയും ഉണ്ടായി. തൊട്ടടുത്ത ഇ.എസ്.ഐ ആശുപത്രിയില്‍ ചികിത്സ നല്‍കി ഇവരെ വിട്ടയച്ചു. ഫയര്‍ഫോഴ്സ് എത്തി തീയും പുകയും പൂര്‍ണമായി അണച്ചശേഷമാണ് ക്ളാസുകള്‍ പുനരാരംഭിച്ചത്. മൈക്ക സ്കൂളിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് രാസവസ്തുക്കള്‍ കലര്‍ന്ന റബറിന്‍െറ അവശിഷ്ടങ്ങളും ഉപയോഗശൂന്യമായ വസ്തുക്കളും കൂട്ടിയിട്ട് കത്തിച്ചത്. ഞായറാഴ്ച കത്തിച്ച അവശിഷ്ടങ്ങളിലെ തീയണയാതെ തിങ്കളാഴ്ചയും പുക ഉയരുകയായിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ പരിസരമാകെ പുകയായിരുന്നെന്ന് മൈക്ക സ്കൂള്‍ അധികൃതര്‍ അറിയിച്ചു. മൈക്ക സ്കൂളിലെ രണ്ടാംനിലയിലെയും മൂന്നാംനിലയിലെയും ക്ളാസ് മുറികളിലും രൂക്ഷ ഗന്ധത്തോടെ പുകപടലങ്ങള്‍ പടര്‍ന്നു. തുടര്‍ന്ന് ഇരു സ്കൂളുകളിലെ അധ്യാപകര്‍ പൊലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫിസര്‍ ജോസഫ് തോമസിന്‍െറ നേതൃത്വത്തില്‍ പി.എസ്. സനല്‍, പി.വി. സന്തോഷ്, ഫിലിപ് വര്‍ഗീസ്, ഹരിലാല്‍, കിരണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ പണിപ്പെട്ടാണ് പുക ശമിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.