മാലിന്യം നിറഞ്ഞ് ചിറ്റാര്‍പുഴ; നടപടിയില്ലാതെ അധികൃതര്‍

കാഞ്ഞിരപ്പള്ളി: ചിറ്റാര്‍പുഴയില്‍ മാലിന്യം കുമിഞ്ഞു കൂടുന്നു. കാഞ്ഞിരപ്പള്ളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും വീടുകളില്‍നിന്നും ഉപേക്ഷിക്കുന്ന മാലിന്യമാണ് ഒഴുക്കുനിലച്ച ചിറ്റാര്‍പുഴയില്‍ കെട്ടിക്കിടക്കുന്നത്. ഇത് പകര്‍ച്ചവ്യാധി ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. ചിറ്റാര്‍പുഴയില്‍ നീരൊഴുക്കുള്ള സമയത്ത് മാലിന്യ നിക്ഷേപം ജനശ്രദ്ധയില്‍ പെടാതെ നടക്കുമെങ്കിലും വേനല്‍ തുടങ്ങുന്നതോടെ പ്രശ്നമാകും. പുഴയിലെ വെള്ളത്തിന്‍െറ ഒഴുക്കു മുറിയുന്നതോടെ മാലിന്യം വെള്ളത്തില്‍ കെട്ടിക്കിടന്ന് ചീഞ്ഞുനാറും. കെട്ടിക്കിടക്കുന്ന മലിനജലത്തിനു സമീപം തന്നെയാണ് വിവിധ കുടിവെള്ള പദ്ധതികള്‍ക്കായുള്ള കിണറുകളുമുള്ളത്. ഇവിടെ നിന്ന് സംഭരിക്കുന്ന വെള്ളം ഒരു ശുചീകരണവും നടത്താതെയാണ് വീടുകളിലേക്ക് എത്തിക്കുന്നത്. എല്ലാവേനല്‍കാലങ്ങളിലും ചിറ്റാര്‍പുഴയില്‍ മാലിന്യം തള്ളുന്നത് തടയുന്നതിനു നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുമെങ്കിലും നടപടിയുണ്ടായിട്ടില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ മാലിന്യ സംസ്കരണത്തിന് പദ്ധതികളില്ലാത്തത് മാലിന്യം തള്ളുന്നതിനു കാരണമാകുന്നതായും ചൂണ്ടിക്കാട്ടപ്പെടുന്നു. കാഞ്ഞിരപ്പള്ളിയിലും പരിസരത്തുമുള്ള വിജനസ്ഥലങ്ങളിലെല്ലാം മാലിന്യം തള്ളല്‍ പതിവാണ്. ചാക്കുകളിലും പ്ളാസ്റ്റിക് കൂടുകളിലും കെട്ടിയ മാലിന്യം രാത്രിയാണ് വഴിയോരങ്ങളില്‍ തള്ളുന്നത്. ഇതില്‍ അടുക്കള മാലിന്യം മുതല്‍ ഉപയോഗ യോഗ്യമല്ലാത്ത ഗൃഹോപകരണങ്ങള്‍, ഇലക്ട്രോണിക്സ്, പ്ളാസ്റ്റിക് വസ്തുക്കള്‍ എന്നിവയും ഹോട്ടല്‍, വ്യാപാര സ്ഥാപനങ്ങള്‍, അറവുശാലകള്‍ എന്നിവിടങ്ങളില്‍നിന്ന് ഉപേക്ഷിക്കുന്ന മാലിന്യംവരെയുണ്ട്. താലൂക്കില്‍ ഏറ്റവും കൂടുതല്‍ കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നത് കാഞ്ഞിരപ്പള്ളി ടൗണിലും പരിസരത്തുമാണ്. ഇവയില്‍ കൂടുതലും അനധികൃതമായാണെന്നും പരാതിയുണ്ട്. കശാപ്പുകാര്‍ അറവുമാടുകളെ സൂക്ഷിക്കുന്നത് പുഴയോരത്താണ്. അറവുമാടുകളുടെ വിസര്‍ജ്യങ്ങള്‍ വെള്ളത്തിലൂടെ ഒഴുകുന്നത് സംബന്ധിച്ച് ഒട്ടേറെ പരാതികള്‍ പഞ്ചായത്തിനും ആരോഗ്യവകുപ്പിനും ലഭിച്ചിട്ടും നടപടി ഇതുവരെ ഉണ്ടായിട്ടില്ല. നേരത്തേ കാഞ്ഞിരപ്പള്ളി ബസ്സ്റ്റാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം പുഴയിലേക്ക് ഒഴുകിയത്തെുന്നതിനെക്കുറിച്ച് വ്യാപാരികളടക്കമുള്ളവര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. മനുഷ്യവിസര്‍ജ്യത്തിന്‍െറ സാന്നിധ്യം വ്യക്തമാക്കുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് പുഴയിലെ ജലത്തില്‍ കൂടുതലാണെന്ന് ഏതാനും വര്‍ഷം മുമ്പ് ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനയില്‍ കണ്ടത്തെിയിരുന്നു. ഇതിനു ശേഷവും ചിറ്റാര്‍ പുഴ മാലിന്യമുക്തമാക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പുഴയുടെ തീരങ്ങളിലെ കിണറുകളില്‍ മലിനജലത്തിന്‍െറ സാന്നിധ്യമുണ്ടാകാന്‍ ഇത് കാരണമാകാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.