റബര്‍ വില 150ലേക്ക്; ഇനിയും ഉയരുമെന്ന് സൂചന

കോട്ടയം: നോട്ട് പ്രതിസന്ധിയും വിലയിടിവും ദൈനംദിന ജീവിതത്തെ പോലും ദുരിതത്തിലാക്കിയ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസം പകര്‍ന്ന് റബര്‍ വില 150 രൂപയിലേക്ക് അടുക്കുന്നു. എന്നാല്‍, നോട്ട് പ്രതിസന്ധിയുടെ ദുരിതം പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ വാങ്ങുന്ന റബറിന് രൊക്കം പണം മുഴുവന്‍ നല്‍കാന്‍ കച്ചവടക്കാര്‍ക്ക് കഴിയാത്തത് ഇപ്പോഴും വിനയാകുന്നുണ്ട്. ശനിയാഴ്ചയും വില 146 രൂപയായി തുടര്‍ന്നെങ്കിലും അടുത്തദിവസങ്ങളില്‍ വീണ്ടും ഉയരുമെന്ന സൂചനയാണ് വിപണി വൃത്തങ്ങളില്‍നിന്ന് ലഭിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കിലോക്ക് ഒരുരൂപയുടെവരെ വര്‍ധനയാണ് ഇപ്പോള്‍ പ്രകടമാകുന്നത്. രാജ്യാന്തര വിപണിയിലും വില മെച്ചപ്പെടുകയാണ്. ടയര്‍ കമ്പനികള്‍ വിപണിയില്‍ സജീവമായതും കയറ്റുമതി വര്‍ധിക്കുന്നതും ചൂണ്ടിക്കാട്ടി വീണ്ടും വില ഉയരുമെന്ന് റബര്‍ ബോര്‍ഡ് പറയുന്നു. സ്വാഭാവിക റബറിന്‍െറ കയറ്റുമതി ശക്തമാണ്. പ്രതിസന്ധികള്‍ക്കിടയിലും ഇക്കൊല്ലം 5000ടണ്‍ റബര്‍ കയറ്റുമതിചെയ്യുമെന്നും റബര്‍ ബോര്‍ഡ് അറിയിച്ചു. ബാങ്കോക്ക് മാര്‍ക്കറ്റില്‍ ഇപ്പോള്‍ 176.98 രൂപയാണ് വില. ഇതും ഉയരുമെന്ന് വിപണി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. അടുത്ത രണ്ടുമൂന്ന് മാസത്തിനകം വില വീണ്ടും ഉയരുമെന്നാണ് കച്ചവടക്കാരുടെയും കണക്കുകൂട്ടല്‍. രണ്ടുമാസത്തിനകം വില 150രൂപയും കടക്കുമെന്നും അവര്‍ പറയുന്നു. അതിനിടെ, വിപണിയില്‍ ഉണര്‍വ് പ്രകടമായതോടെ കര്‍ഷകര്‍ റബര്‍ പിടിച്ചുവെക്കുന്നുണ്ട്. വില ഉയരട്ടെ എന്നതിനാല്‍ കച്ചവടക്കാരും വില്‍ക്കാന്‍ തയാറാകില്ല. നിലവില്‍ റബര്‍ ഇറക്കുമതിക്ക് കിലോക്ക് 200 രൂപവരെ ചെലവ് വേണ്ടിവരുന്നതിനാല്‍ നാട്ടില്‍ നിന്ന് കൂടുതല്‍ റബര്‍ വാങ്ങാന്‍ ടയര്‍ കമ്പനികള്‍ തയാറാകുമെന്നും കച്ചവടക്കാര്‍ പറയുന്നു. അതിനിടെ, വിലവര്‍ധനയില്‍ മലയോര മേഖല ഉണര്‍വിലാണ്. പക്ഷേ, പണപ്രതിസന്ധി കച്ചവടക്കാര്‍ക്കും ഭീഷണിയാകുന്നുണ്ട്. പണപ്രതിസന്ധിയുണ്ടെങ്കിലും കര്‍ഷകര്‍ കിട്ടുന്ന പണം വാങ്ങിയും ശേഷിക്കുന്ന തുകക്ക് ചെക്കുവാങ്ങിയും വിപണിയില്‍ സജീവമാണ്. സഹകരണ മേഖലകൂടി സജീവമായാല്‍ മലയോരത്തെ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകുമെന്ന് കര്‍ഷകരും സംഘടനകളും പറയുന്നു. എന്നാല്‍, അന്താരാഷ്ട്ര വില ഉയര്‍ന്നിട്ടും ഇതിനനുസൃതമായി നാട്ടിലെ കര്‍ഷകര്‍ക്ക് വില ലഭിക്കാത്തതില്‍ കര്‍ഷകസംഘടനകള്‍ പ്രതിഷേധത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.