മകരവിളക്ക്: തിരികെ ഇറങ്ങുമ്പോഴുള്ള തിരക്ക് നിയന്ത്രിക്കാന്‍ ക്രമീകരണങ്ങളായി

എരുമേലി: മകരവിളക്ക് ദര്‍ശനത്തിനുശേഷം തിരികെ ഇറങ്ങുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാനും അപകട സാധ്യതകള്‍ ഒഴിവാക്കാനും സേഫ്സോണ്‍-പൊലീസ് വകുപ്പ് അധികൃതര്‍ സജീവമായി രംഗത്തിറങ്ങി. കൂടുതല്‍ സേനകളെ രംഗത്തിറക്കി അപകട പ്രദേശങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് പട്രോളിങ് വര്‍ധിപ്പിച്ചുമാണ് ഇരുവകുപ്പും സുരക്ഷാ ക്രമീകരണങ്ങളൊരുക്കിയത്. മകരവിളക്കിനുശേഷം ആയിരക്കണക്കിനു വാഹനങ്ങളാണ് പമ്പയില്‍നിന്ന് ഒരേ സമയം തിരിച്ചിറങ്ങുന്നത്. ഏറ്റവുമധികം അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കും ഇത് കാരണമാകുമെന്നിരിക്കെ എല്ലാ വര്‍ഷവും റോഡുകളില്‍ മുന്നൊരുക്കം സാധാരണമാണ്. കോട്ടയം ആര്‍.ടി.ഒയുടെ കീഴില്‍ പത്തോളം വാഹനങ്ങളില്‍ വിവിധ പ്രദേശങ്ങളിലൂടെ സേഫ് സോണ്‍ പട്രോളിങ് നടത്തുന്നു. തീര്‍ഥാടകര്‍ ഏറ്റവുമധികം സഞ്ചരിക്കുന്ന കണമല-അഴുത-മുണ്ടക്കയം, എരുമേലി-കാഞ്ഞിരപ്പള്ളി-പൊന്‍കുന്നം-പൈക, എരുമേലി- വിഴിക്കിത്തോട്-പൊന്‍കുന്നം, എം.ഇ.എസ് പടി-മുണ്ടക്കയം റോഡുകളിലൂടെ വാഹനങ്ങള്‍ പട്രോളിങ് നടത്തും. തീര്‍ഥാടക വാഹനങ്ങള്‍ കേടുപറ്റിയാല്‍ പരിഹരിക്കാന്‍ സേഫ് സോണ്‍ വാഹനങ്ങളില്‍ ദിവസവേതനത്തിന് ഡ്രൈവര്‍ കം മെക്കാനിക്കുകളെയാണ് നിയമിച്ചിരിക്കുന്നത്. ഇതിനാല്‍ വേഗം കേട് പരിഹരിച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും. അപകടസാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ അമിതവേഗവും ഓവര്‍ ടേക്കിങ്ങും ഒഴിവാക്കാന്‍ ഒരു നിശ്ചിത തീര്‍ഥാടക വാഹനങ്ങള്‍ക്ക് മുന്നില്‍ സേഫ് സോണ്‍ വാഹനം പൈലറ്റായി ഉണ്ടാകും. കാഞ്ഞിരപ്പള്ളി ജോയന്‍റ് ആര്‍.ടി.ഒ വി.എം. ചാക്കോയുടെ നേതൃത്വത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍. 400ഓളം പൊലീസിനെ ശനിയാഴ്ച എല്ലാ പോയന്‍റുകളിലുമായി വിന്യസിച്ചു. പൊലീസ് വാഹനങ്ങളിലും ബൈക്കുകളിലുമായി പട്രോളിങ്ങും ഉണ്ടാകും. എം.ഇ.എസ്, പ്രപ്പോസ്, കണമല എന്നിവിടങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിച്ചും പൊലീസ് സുരക്ഷാ ക്രമീകരണം ഒരുക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.