കുറവിലങ്ങാട് ഹരിതകേരളം പദ്ധതി അവതാളത്തില്‍

കുറവിലങ്ങാട്: കുറവിലങ്ങാട് പഞ്ചായത്തില്‍ ഹരിതകേരളം പദ്ധതി അവതാളത്തില്‍. നിരവധി ശുദ്ധജല സ്രോതസ്സുകള്‍ നാശത്തിന്‍െറ വക്കിലത്തെിയിട്ടും കുറവിലങ്ങാട് പഞ്ചായത്ത് ഭരണസമിതി അലംഭാവം തുടരുകയാണെന്നാണ് ആക്ഷേപം. ഓരോ പഞ്ചായത്തുകളിലും വാര്‍ഡ് അടിസ്ഥാനത്തില്‍ ശുചീകരണം, ജൈവകൃഷി ആരംഭിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. എന്നാല്‍, ഉദ്ഘാടനദിവസത്തിനുശേഷം ഇത്തരം ജോലി നിലക്കുന്ന സ്ഥിതിയാണുള്ളത്. ഹരിതകേരളം പദ്ധതിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് നേതൃത്വം നല്‍കുന്നത്. ഇതിനായി വികേന്ദ്രീകരണ ആസൂത്രണ മാതൃകയില്‍ പ്രാദേശിക കൂട്ടായ്മകള്‍ വേണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സാങ്കേതിക വിദഗ്ധര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. പൊതു കിണറുകളുടെ പട്ടിക തയാറാക്കി ഉപയോഗപ്രദമാക്കുക, ഇവയുടെ പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കുക, കുളങ്ങളുടെ പട്ടിക തയാറാക്കി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുക, മഴക്കുഴികളുടെ നിര്‍മാണം ശാസ്ത്രീയമായി ക്രമീകരിക്കുക, സ്കൂളുകളിലെ കിണറുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ജലസംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍. മാലിന്യ നിര്‍മാര്‍ജനത്തിന്‍െറ ഭാഗമായി കിണറുകള്‍, ചിറകള്‍, എന്നിവയിലെ പായല്‍, പ്ളാസ്റ്റിക് മാലിന്യം വാരിമാറ്റി വൃത്തിയാക്കുക, മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയില്ളെന്ന് ഉറപ്പുവരുത്തുക, സര്‍ക്കാര്‍ ഓഫിസുകളില്‍ മാലിന്യം കുറക്കുക, പ്ളാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറക്കുക തുടങ്ങിയവ നടപ്പാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിനായി മാത്രം പേരിന് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് മാത്രമാണ് ആകെയുള്ളത്. വേനല്‍ച്ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജലസ്രോതസ്സുകള്‍ വൃത്തിയാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. മാലിന്യ നിര്‍മാര്‍ജനവും പാതിവഴിയില്‍ നിലച്ചു. കുറവിലങ്ങാട്ടെ ഏറ്റവും വലിയ ജലസ്രോതസ്സായ വലിയതോട് നാശത്തിന്‍െറ വക്കിലത്തെിയിട്ടും പഞ്ചായത്ത് ഭരണസമിതി തിരിഞ്ഞുപോലും നോക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.