പച്ചക്കറി കൃഷിയുമായി പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥികള്‍

കുറവിലങ്ങാട്: പൊലീസ് സ്റ്റേഷനില്‍ സാധാരണ എത്താറുള്ളത് കേസുകളില്‍പ്പെട്ടവരും മറ്റുമല്ളേ എന്ന് ചോദിച്ചാല്‍ ഈ പിള്ളേര്‍ പറയും തങ്ങളും ഇവിടെ വരാറുണ്ടെന്ന്. നെറ്റി ചുളിക്കാന്‍ വരട്ടെ, ഇവര്‍ എത്തിയത് സ്റ്റേഷന്‍ വളപ്പില്‍ പച്ചക്കറി കൃഷി ചെയ്യാനാണ്. കാണക്കാരി ഗവ. വി.എച്ച്.എസ്എസിലെ സപ്തദിന എന്‍.എസ്.എസ് ക്യാമ്പിന്‍െറ ഭാഗമായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലാണ് ഈ രംഗം. പൊലീസിനൊപ്പം ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ ഇവിടെ പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ചത്. എന്‍.എസ്.എസ് ക്യാമ്പിനോടനുബന്ധിച്ച് നടത്തിയ ഹരിതാഭം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഗ്രോബാഗില്‍ പച്ചക്കറിത്തൈകള്‍ വെച്ചുപിടിപ്പിച്ചത്. വെണ്ട, മുളക്, വഴുതന, തക്കാളി, പയര്‍, ചീരത്തൈകള്‍ എന്നിവയാണ് വെച്ചുപിടിപ്പിച്ചത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം വെമ്പള്ളി ലക്ഷംവീട് കോളനിയിലെ നൂറുവീടുകളില്‍ പച്ചക്കറിത്തൈകള്‍ നട്ടുപിടിപ്പിച്ച അഞ്ചു ഗ്രോബാഗുകള്‍ വീതം എന്‍.എസ്.എസ് വാളന്‍റിയര്‍മാര്‍ വിതരണം ചെയ്തിരുന്നു. കാണക്കാരിയിലെ സ്കൂള്‍ കോമ്പൗണ്ടിലും കൃഷിയിറക്കി. കോഴാ ജില്ല കൃഷിത്തോട്ടത്തില്‍നിന്ന് വാങ്ങിയ പച്ചക്കറിവിത്തുകളാണ് പദ്ധതിക്കായി വിനിയോഗിച്ചത്. വെമ്പള്ളി ഗവ. യുപി സ്കൂളില്‍ ആരംഭിച്ച ക്യാമ്പിന്‍െറ ഭാഗമായി സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടത്തി. പൊലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്.ഐമാരായ കെ.എസ്. ജയന്‍, കെ. മദുസൂധനന്‍നായര്‍ (എസ്.ബി), എ.എസ്.ഐമാരായ വി. രാധാകൃഷ്ണന്‍, രാജു, രാജന്‍, സജിമോന്‍, ഗാര്‍ഡ് അശോകന്‍ വെമ്പള്ളി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ എ.എസ്. അമ്പിളി, എ.ആര്‍. രജിത, വളന്‍റിയര്‍ സെക്രട്ടറി ജോമൂസ് കെ.ജോജി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.