മഴ കുറഞ്ഞു; നാളികേര ഉല്‍പാദനം താഴേക്ക്

കുറവിലങ്ങാട്: കാലാവസ്ഥ വ്യതിയാനം മൂലം മഴയുടെ അളവില്‍ ഗണ്യമായ രീതിയില്‍ കുറവുവന്നത് കഴിഞ്ഞവര്‍ഷം മേഖലയിലെ നാളികേര ഉല്‍പാദനത്തെ ബാധിച്ചു. മീനച്ചില്‍, വൈക്കം താലൂക്കുകളില്‍ കഴിഞ്ഞവര്‍ഷം 50 ശതമാനത്തിലേറെ കുറവുണ്ടായതായാണ് കര്‍ഷകര്‍ പറയുന്നത്. കാലവര്‍ഷത്തിനുപിന്നാലെ തുലാമഴയും ചതിച്ചതോടെയാണ് നാളികേര ഉല്‍പാദനത്തില്‍ ഇടിവുണ്ടാകാന്‍ കാരണം. റബര്‍ വിലയില്‍ കുറവുവന്നതോടെ നിരവധി കര്‍ഷകര്‍ നാളികേര മേഖലയിലേക്ക് തിരിഞ്ഞിരുന്നു. പ്രാദേശികതലത്തില്‍ ഉല്‍പാദനസംഘങ്ങള്‍ രൂപവത്കരിക്കുകയും പുതിയ ഇനം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഉല്‍പാദനത്തില്‍ കുറവുവന്നതോടെ വിപണിയില്‍ തേങ്ങയുടെ വിലയും വര്‍ധിച്ചു. പൊതിച്ചതേങ്ങ കിലോഗ്രാമിന് 35രൂപ വരെയായി. എന്നാല്‍, കര്‍ഷകന് ഇതു കാര്യമായ പ്രയോജനം ചെയ്യുന്നില്ല. വില്‍ക്കുമ്പോള്‍ 25 മുതല്‍ 30 രൂപവരെയാണ് ലഭിക്കുന്നത്. വേനല്‍ച്ചൂട് രൂക്ഷമായാല്‍ ഉല്‍പാദനത്തില്‍ ഇനിയും കുറവുണ്ടാവാനാണ് സാധ്യത. താലൂക്കിലെ ഭൂരിഭാഗം തെങ്ങിന്‍തോപ്പുകളിലും മഴയെ ആശ്രയിച്ചാണ് കൃഷി നടത്തുന്നത്. ഇതിനാല്‍ മഴയുടെ കുറവ് ഉല്‍പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനുപുറമെ രോഗബാധയും. കുറവിലങ്ങാട്, കുര്യം, കാളികാവ്, തോട്ടുവ, കാപ്പുന്തല എന്നിവിടങ്ങളില്‍ ധാരാളം തെങ്ങുകള്‍ക്ക് കേടുപാട് സംഭവിച്ചു. എന്നാല്‍, ചൂട് കൂടിയതോടെ കരിക്കിന്‍െറ ആവശ്യകതയും കൂടിയിട്ടുണ്ട്. കേരഫെഡ് കൃഷിഭവനുകളിലൂടെ നടത്തിയിരുന്ന പച്ചത്തേങ്ങ സംഭരണം നിര്‍ത്തിവെച്ചതും കര്‍ഷകര്‍ക്ക് തിരിച്ചടിയായി. നോട്ട് പിന്‍വലിക്കലിനത്തെുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് പറയപ്പെടുന്നു. വിപണി വിലയേക്കാള്‍ കൂടിയവിലയ്ക്ക് നടത്തിയിരുന്ന സംഭരണം കര്‍ഷകര്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്നു. ഉഴവൂര്‍ ബ്ളോക്ക് പഞ്ചായത്തില്‍ കടപ്ളാമറ്റം, മാഞ്ഞൂര്‍ കൃഷിഭവനുകളിലായിരുന്നു തേങ്ങ സംഭരിച്ചിരുന്നത്. ദിവസവും മൂന്നുടണ്‍ തേങ്ങവരെ ഇവിടെ സംഭരിച്ചിരുന്നു. കര്‍ഷകര്‍ക്ക് കൃത്യമായി പണവും ലഭിച്ചിരുന്നു. കടപ്ളാമറ്റം കൃഷിഭവനില്‍ കടപ്ളാമറ്റം പഞ്ചായത്തിന് പുറമെ മരങ്ങാട്ടുപിള്ളി, മുത്തോലി, കിടങ്ങൂര്‍, കുറവിലങ്ങാട് പഞ്ചായത്തുകളില്‍നിന്ന് തേങ്ങ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.