കേടായ ഉപകരണങ്ങള്‍ നന്നാക്കി വിദ്യാര്‍ഥികള്‍

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഉപയോഗശൂന്യമായി മാറ്റിയിട്ടിരുന്ന ഉപകരണങ്ങള്‍ക്ക് പുനര്‍ജനി നല്‍കി എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മാതൃകയായി. പാമ്പാടി ഗവ. എന്‍ജിനീയറിങ് (രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കോളജിലെ എന്‍.എസ്.എസ് യൂനിറ്റിന്‍െറ നേതൃത്വത്തിലായിരുന്നു ഉപകരണങ്ങളുടെ തകരാര്‍ പരിഹരിച്ചത്. ഓപറേഷന്‍ തിയറ്റിലെ ടേബിള്‍, കട്ടിലുകള്‍, ട്രോളികള്‍, വീല്‍ചെയറുകള്‍ തുടങ്ങി 300ല്‍ അധികം ഉപകരണങ്ങളുടെ തകരാര്‍ പരിഹരിച്ചു. ഇതുവഴി ഏകദേശം 21 ലക്ഷം രൂപ ആശുപത്രിക്ക് ലാഭിക്കാന്‍ കഴിഞ്ഞു. കാര്‍ഡിയോളജി, ഗൈനക്കോളജി, ന്യൂറോളജി, അത്യാഹിതവിഭാഗം എന്നിവിടങ്ങളിലെ ഉപകരണങ്ങളുടെ തകരാറാണ് പരിഹരിച്ച് വീണ്ടും ഉപയോഗപ്രദമാക്കിയത്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍.എസ്.എസ് ടെക്നിക്കല്‍ സെല്‍ നടപ്പാക്കുന്ന പദ്ധതിയായ പുനര്‍ജനിയിലൂടെയാണ് തകരാര്‍ പരിഹരിച്ചത്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ച് ആതുരാലയങ്ങളുടെ അടിസ്ഥാനസൗകര്യങ്ങള്‍ പരിമിതമായതുകൊണ്ട് ഉള്ളവയുടെ തകരാര്‍ പരിഹരിച്ച് വീണ്ടും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുകയാണ് പുനര്‍ജനി പദ്ധതിയുടെ ലക്ഷ്യം. ഡിസംബര്‍ 27ന് ആരംഭിച്ച് ജനുവരി ഒന്നിന് സമാപിച്ച പുനര്‍ജനി കെ. സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. തിലോത്തമന്‍, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുത്തു. സമാപനസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.