മുണ്ടക്കയത്ത് അനധികൃത മീന്‍പിടിത്തക്കാര്‍ രംഗത്ത്

മുണ്ടക്കയം: മാസങ്ങളായി തുടരുന്ന വേനലില്‍ ജലാശയങ്ങള്‍ വറ്റിയതോടെ അനധികൃത മീന്‍പിടിത്തം ജലമലിനീകരണത്തിനും മത്സ്യസമ്പത്തിന്‍െറ നാശത്തിനും കാരണമാകുന്നു. മേഖലയില്‍ മണിമലയാര്‍ ഉള്‍പ്പെടെ ജലാശയങ്ങളില്‍ വൈദ്യുതി ഉപയോഗിച്ചും അമോണിയ, നഞ്ച് എന്നിവ കലക്കിയുമുള്ള മീന്‍പിടിത്തമാണ് വ്യാപകം. കാഞ്ഞിരപ്പള്ളി, എരുമേലി തുടങ്ങിയ സ്ഥലങ്ങളിലും ഇത്തരം മീന്‍പിടിത്തം വ്യാപകമാകുന്നതായി പരാതിയുണ്ട്. ബാറ്ററിയില്‍നിന്നുള്ള വൈദ്യുതി വെള്ളത്തിലേക്ക് പകര്‍ത്തിയുള്ള മീന്‍പിടിത്തമാണ് ഏറെ ദോഷകരമാകുന്നത്. വലിയ വാഹനങ്ങളിലെ ബാറ്ററികള്‍കൊണ്ട് മീന്‍പിടിക്കാനുള്ള പ്രത്യേക സംവിധാനം 5000 രൂപയോളം മുടക്കിയാണ് ഇത്തരക്കാര്‍ സജ്ജമാക്കുന്നത്. ഇത്തരം ഉപകരണത്തില്‍നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കുന്നതുവഴി മീനുകള്‍ പിടഞ്ഞുചാകും. വലിയ മീനുകളെ ലക്ഷ്യമിട്ടാണ് ഇത്തരക്കാര്‍ എത്തുന്നത്. എന്നാല്‍, വൈദ്യുതി കടന്നുപോകുന്ന സ്ഥലത്തെ ചെറുമീനുകള്‍ അടക്കം ചത്തുപൊങ്ങും. ചെറുമീനുകള്‍ വെള്ളത്തില്‍കിടന്ന് അഴുകി ഉള്ള വെള്ളവും മലിനപ്പെടും. കടുത്ത വേനലില്‍പോലും കല്ലിടുക്കുകളിലെ ചെറിയ തുരുത്തുകളിലും ചേറിലും അഭയം പ്രാപിച്ചാണ് ചെറുമീനുകള്‍ അടക്കം വേനലിനെ അതിജീവിക്കുന്നത്. മത്സ്യ സമ്പത്തിനെ നശിപ്പിക്കുന്ന മീന്‍പിടിത്തം ജലാശയങ്ങളില്‍നിന്ന് മീനുകളെ ഇല്ലാതാക്കും. മത്സ്യസമൃദ്ധി പദ്ധതി പ്രകാരം മീനുകളെ പ്രധാന ജലാശയങ്ങളില്‍ തള്ളുന്ന പദ്ധതിക്കുപോലും തിരിച്ചടിയാകുകയാണ് അനധികൃത മീന്‍പിടിത്തം. വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നത് ഏറെ അപകടകരമാണെങ്കിലും ഇതൊന്നും വകവെക്കാതെയാണ് ഇത്തരക്കാര്‍ മീന്‍പിടിത്തത്തില്‍ ഏര്‍പ്പെടുന്നത്. മേഖലയില്‍ നിരവധിപേര്‍ മീന്‍പിടിത്തത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചിട്ടുണ്ട്. ചെറിയ ഒഴുക്കുള്ള തോടുകളില്‍ അമോണിയ കലക്കിയാണ് മീന്‍പിടിക്കുന്നത്. മറ്റു ചിലടത്ത് നഞ്ച് കലക്കിയും പ്രത്യേക രീതിയില്‍ തയാറാക്കി വെള്ളത്തില്‍ സ്ഫോടനം നടത്താവുന്ന തോട്ട ഉപയോഗിച്ചും മീന്‍പിടിത്തം വ്യാപകമാകുന്നുണ്ട്. ഇതെല്ലാം നേരിട്ടറിയുന്ന അധികാരികള്‍ കണ്ണടക്കുകയാണെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.