നാട് കത്തുന്നു; ഓടിത്തളര്‍ന്ന് ഫയര്‍ഫോഴ്സ്

കോട്ടയം: വേനല്‍ കനത്തതോടെ തീയണക്കാന്‍ ഫയര്‍ ഫോഴ്സ് നെട്ടോട്ടത്തില്‍. ചൂടില്‍ നാട് കരിഞ്ഞുണങ്ങിയതിനൊപ്പം തീപിടിത്തവും പതിവായതോടെ വിശ്രമിക്കാന്‍ പോലും സമയമില്ലാതെ കര്‍മരംഗത്താണ് ഫയര്‍ ഫോഴ്സ്. ഒന്നരമാസത്തിനിടെ ചെറുതും വലുതുമായ അഞ്ഞൂറോളം തീപിടിത്തങ്ങളാണ് ജില്ലയുടെ വിവിധയിടങ്ങളിലുണ്ടായത്. ഒരാഴ്ചക്കിടെ നഗരത്തില്‍ മാത്രം അമ്പതോളം തീപിടിത്തമുണ്ടായി. ചൊവ്വാഴ്ച കോട്ടയത്തും സമീപപ്രദേശങ്ങളിലുമായി അഞ്ചോളം സ്ഥലങ്ങളില്‍ തീപടര്‍ന്നു. രാവിലെ 11.30ഓടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തിന് സമീപം മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. കോട്ടയത്തുനിന്ന് ഫയര്‍ ഫോഴ്സത്തെിയാണ് തീയണച്ചത്. തുടര്‍ന്ന് ഇല്ലിക്കലിലും ചെങ്ങളത്തും തീപടര്‍ന്നു. കോട്ടയത്തുനിന്നുള്ള ഫയര്‍ ഫോഴ്സ് യൂനിറ്റുകള്‍ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇരുസ്ഥലങ്ങളിലെയും തീകെടുത്തിയത്. കോടിമത, നാഗമ്പടം, മാങ്ങാനം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, നീണ്ടൂര്‍, മാന്നാനം, കുമരകം, വൈക്കം, പാലാ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട തുടങ്ങിയ പ്രദേശങ്ങളില്‍ തീപിടിത്തവും വര്‍ധിച്ചിരിക്കുകയാണ്. ജില്ലയുടെ മലയോര മേഖലയിലെ റബര്‍ തോട്ടങ്ങളില്‍ തീപിടിത്തം നിത്യസംഭവമാണ്. ഒരേഭാഗത്തുതന്നെ പലതവണ തീപിടിത്തമുണ്ടാകുന്നുണ്ട്. കാടുപിടിച്ച തരിശുനിലങ്ങള്‍, പാടശേഖരങ്ങള്‍, റബര്‍ തോട്ടങ്ങള്‍, പുല്‍മേടുകള്‍ തുടങ്ങിയയിടങ്ങളിലാണ് വേനലില്‍ അഗ്നിബാധ കൂടുതല്‍. കഴിഞ്ഞദിവസങ്ങളില്‍ പള്ളിക്കത്തോട്, കൂരോപ്പട, കോടിമത, കൊല്ലാട് ഭാഗങ്ങളില്‍ വ്യാപകമായി തീപിടിത്തമുണ്ടായി. പാടശേഖരങ്ങളിലും റബര്‍ തോട്ടങ്ങളുമാണ് കൂടുതലായും കത്തിയമര്‍ന്നത്. അലക്ഷ്യമായി എറിയുന്ന സിഗരറ്റുകുറ്റിയില്‍നിന്നാണ് ഭൂരിഭാഗം സ്ഥലങ്ങളിലും തീപടരുന്നത്. ചിലയിടങ്ങളില്‍ സാമൂഹികവിരുദ്ധര്‍ ബോധപൂര്‍വം തീയിടുന്നതായും പരാതിയുണ്ട്. ഒരുസ്ഥലത്തെ തീയണച്ച് എത്തുമ്പോള്‍ പിന്നാലെ അടുത്ത വിളിയത്തെുമെന്ന് സേനാംഗങ്ങള്‍ പറയുന്നു. പ്രധാന ജലാശയങ്ങള്‍ വറ്റിയതോടെ തുടര്‍ച്ചയായി ഉണ്ടാകുന്ന തീപിടിത്തങ്ങളെ പ്രതിരോധിക്കാന്‍ ഫയര്‍ഫോഴ്സിന് ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ല. പാടശേഖരങ്ങളിലും തോട്ടങ്ങളിലും മറ്റും ഏക്കര്‍കണക്കിന് പ്രദേശത്താണ് തീപടരുന്നത്. ജീവനക്കാരുടെയും വിദഗ്ധരായ ജീവനക്കാരുടെയും അഭാവവും ഫയര്‍ഫോഴ്സിന് വെല്ലുവിളിയാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.