ചെട്ടിമംഗലത്തുകാര്‍ക്ക് ഇന്നും ആശ്രയം കടത്തുവള്ളം

വൈക്കം: നൂറ്റാണ്ടുകളായി ചെട്ടിമംഗലം നിവാസികള്‍ ആശ്രയിക്കുന്ന കടത്തുവള്ളത്തിനു പകരമായി പാലം വേണമെന്ന ആവശ്യം ശക്തം. ഉദയനാപുരം-തലയാഴം ഗ്രാമപഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയാനപ്പുഴക്ക് കുറുകെയുള്ള ചെട്ടിമംഗലം-തോട്ടകം കടത്തുകടവിലാണ് പാലം വേണമെന്ന ആവശ്യം ശക്തമാകുന്നത്. 20 വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ തൂക്കുപാലത്തിനുവേണ്ട നടപടി ആയെങ്കിലും പിന്നീട് അട്ടിമറിക്കപ്പെട്ടു. പ്രാദേശിക രാഷ്ട്രീയത്തിലെ ചേരിതിരിവുകള്‍ ആയിരുന്നു ഇവിടെ പ്രതിസന്ധിയുണ്ടാക്കിയത്. പൊതുമരാമത്ത് വകുപ്പിന്‍െറ കീഴിലുള്ള ഈ കടവില്‍ ദിനേന ഇരുനൂറിലധികം ആളുകള്‍ കടത്തുവള്ളത്തെ ആശ്രയിക്കുന്നുണ്ട്. വന്‍നഷ്ടമാണെന്ന് പറഞ്ഞ് ഇടക്കാലത്ത് കടത്തുവള്ളം ഉപേക്ഷിക്കാന്‍ പൊതുമരാമത്ത് ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഇതു മുന്‍കൂട്ടിക്കണ്ട് നാട്ടുകാര്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിച്ചതിനെ തുടര്‍ന്ന് പി.ഡബ്ള്യു.ഡി ഈ നീക്കത്തില്‍നിന്ന് പിന്മാറുകയായിരുന്നു. രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെയാണ് കടത്ത്. എന്നാല്‍, പലപ്പോഴും യാത്രക്കാര്‍ തന്നെയാണ് വള്ളം തുഴയുന്നത്. ഇതു അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. രാവിലെ ആറിനുള്ള സര്‍വിസ് എട്ടുവരെ വൈകുന്നതും രാത്രി എട്ടിന് നിര്‍ത്തേണ്ട സര്‍വിസ് ഏഴോടെ അവസാനിപ്പിക്കുന്നതും പലപ്പോഴും ജനങ്ങളെ വലക്കുന്നുണ്ട്. ഗതാഗതം തീര്‍ത്തും ദുഷ്കരമായ ചെട്ടിമംഗലം നിവാസികള്‍ക്ക് എളുപ്പത്തില്‍ ബസ് സര്‍വിസുകളുള്ള സ്ഥലത്തത്തൊന്‍ ഏകമാര്‍ഗം ഈ കടത്തുവള്ളമാണ്. രാവിലെ ജോലി സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്കും കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നവര്‍ക്കും പത്ര വിതരണം, പാല്‍ വിതരണം നടത്തുന്നവര്‍ക്കും വള്ളം വരാന്‍ വൈകുന്നതുമൂലം ബുദ്ധിമുട്ട് ഏറെയാണ്. 100 വര്‍ഷം പഴക്കമുള്ള ഈ കടത്തുകടവില്‍ ഇരുപതിലധികം തവണ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലപ്പോഴും തലനാരിഴക്കാണ് പലര്‍ക്കും ജീവന്‍ തിരിച്ചുകിട്ടിയത്. ചെട്ടിമംഗലം കടത്തിനു ബദലായി റോഡ് മാര്‍ഗമുണ്ടെന്ന ന്യായമാണ് പാലത്തിനു തടസ്സമായി അധികാരികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍, ഇതിന് കടത്തുവള്ളത്തെ അപേക്ഷിച്ച് നോക്കുമ്പോള്‍ അഞ്ചു കിലോമീറ്റര്‍ അധിക ദൂരമുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ പാലം നിര്‍മാണത്തിന് ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നതാണ്. എന്നാല്‍, തുടര്‍നടപടിയുണ്ടായില്ല. ഈ സാഹചര്യത്തില്‍ വരുന്ന സംസ്ഥാന ബജറ്റില്‍ ചെട്ടിമംഗലം-തോട്ടകം പാലം നിര്‍മാണത്തിന് തുക വകയിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ചെട്ടിമംഗലം ബ്രാഞ്ച് ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ധനമന്ത്രി, പൊതുമരാമത്ത് മന്ത്രി, വൈക്കം എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗം തീരുമാനിച്ചു. സി.പി.ഐ ഉദയനാപുരം ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.വി. ഉദയകുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.കെ. സാബു, കെ.ബി. അജിമോന്‍, എം.ഡി. അഭിലാഷ്, കെ. സജീവ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.