വായനയുടെ ലോകത്തുനിന്ന്​ കുരുന്നുകൾ ചരിത്രശേഷിപ്പുകൾ തേടി മണ്ണടിയിലെത്തി

അടൂർ: പാലമുക്ക് പുതുമല ജനകീയ വായനശാല ബാലവേദിയിലെ കുരുന്നുകൾ വായനയുടെ ലോകത്തുനിന്ന് പ്രകൃതിയെ തൊട്ടറിഞ്ഞ്, ചരിത്രശേഷിപ്പുകൾ തേടിയുള്ള യാത്രയിലാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തെയും പുരാണത്തെക്കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കുന്നതിനാണ് ചരിത്രമുറങ്ങുന്ന മണ്ണടി തെരഞ്ഞെടുത്തെതന്ന് ഗ്രന്ഥശാല പ്രവർത്തകർ പറഞ്ഞു. നഴ്സറി മുതൽ പത്താംതരംവരെയുള്ള 30 അംഗങ്ങൾ അടങ്ങിയ സംഘമാണ് കഴിഞ്ഞദിവസം മണ്ണടിയിലെത്തിയത്. വീരമൃത്യുവരിച്ച വേലുത്തമ്പിദളവയുടെ ബലികുടീരത്തിൽ പുഷ്പാർച്ചന നടത്തിയശേഷം വേലുത്തമ്പി ദളവ ചരിത്ര മ്യൂസിയത്തിലെ ചരിത്രവസ്തുക്കൾ മ്യൂസിയം ജീവനക്കാർ കുട്ടികൾക്ക് പരിചയപ്പെടുത്തി. സമീപത്ത് വേലുത്തമ്പി ഒളിവിൽ കഴിഞ്ഞ ചേന്ദമംഗലത്ത് ഇല്ലവും ബ്രിട്ടീഷ് പട്ടാളം തകർത്ത ക്ഷേത്രാവശിഷ്ടങ്ങളെക്കുറിച്ചും മണ്ണടി പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറ് ശരത്ചന്ദ്രൻ നായർ വിശദീകരിച്ചു. കല്ലടയാറി​െൻറ തീരത്ത് കൽപടവുകളോടുകൂടിയ മനോഹരമായ കാമ്പിത്താൻ കടവിലെ കൽമണ്ഡപ നിർമാണവും ചിത്രപ്പണികളും കുട്ടികളിൽ കൗതുകമുണർത്തി. മഹാഭാരതയുദ്ധവുമായി ബന്ധമുള്ള അരവയ്ക്കച്ചാണി അരക്കില്ലം ഗുഹയിൽ പ്രകൃതി സംരക്ഷണ പ്രവർത്തകർ കുട്ടികളെ ഇറക്കി. ഗുഹക്കുള്ളിൽ അൽപസമയം പാട്ടും കളിയുമായി കുരുന്നുകൾ െചലവഴിച്ചു. പുതുമല പാലമുക്ക് ജനകീയ വായനശാല പ്രവർത്തകരായ ഡി. ബാബു ജോൺ, കെ.വി. സന്തോഷ്, കുഞ്ഞമ്മ കോശി, റോസമ്മ, സാലി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.