ഫാഷിസം വളർത്തുന്ന പേടിയെ വായനസംസ്കാരവും സംവാദവുംകൊണ്ട് അതിജീവിക്കണം --കെ.ഇ.എൻ കണ്ണൂർ: ഇന്ത്യയിൽ ഭരണകൂടവും ഫാഷിസ്റ്റ് ശക്തികളും ഒരുതരം പേരറിയാത്ത പേടി വളർത്തുകയാണെന്ന് കെ.ഇ.എൻ. കുഞ്ഞഹമ്മദ് പറഞ്ഞു. ഇൗ പേടിയെ വായനസംസ്കാരവും സംവാദവും കൊണ്ട് അതിജീവിക്കാൻ നമുക്ക് കഴിയണം. കെ.പി. രാമനുണ്ണിയുടെ 'ദൈവത്തിെൻറ പുസ്തകം -മതം, രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ ഡയലോഗ് സെൻറർ കണ്ണൂർ സംഘടിപ്പിച്ച ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്തതകളെ വിരോധങ്ങളാക്കുകയാണ് ഫാഷിസ്റ്റുകൾചെയ്യുന്നത്. എന്നാൽ, വിരോധങ്ങളെ ഇല്ലാതാക്കുകയാണ് ജനാധിപത്യ സൗന്ദര്യശാസ്ത്രസമീപനം. സൗഹൃദത്തിൽപോലും സെൻസർഷിപ്പുകളുള്ള കാലത്ത് മതസൗഹാർദത്തിെൻറ അനുഭൂതിയാണ് 'ദൈവത്തിെൻറ പുസ്തകം' വായനക്കാരന് നൽകുന്നത്. പരിമിതികളെ തിരിച്ചറിയാൻ ശ്രമിക്കുന്ന നോവൽ സാധ്യതകളെ കാട്ടിത്തരുന്നതായും കെ.ഇ.എൻ പറഞ്ഞു. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയുടേതാണ്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജീവിച്ചത് ബഹുസ്വരതക്ക് വേണ്ടിയാണ്. അത് എന്തുവിലകൊടുത്തും നിലനിർത്തേണ്ടത് നമ്മുടെ കടമയാണെന്ന് ചർച്ചയിൽ സംസാരിച്ച സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി പറഞ്ഞു. നാടിെൻറ ബഹുസ്വരത നിലനിർത്തുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് 'ദൈവത്തിെൻറ പുസ്തകം' എഴുതിയതെന്ന് നോവലിസ്റ്റ് കെ.പി. രാമനുണ്ണി പറഞ്ഞു. യു.പി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു. ഡോ. അജയപുരം ജ്യോതിഷ്, ഡോ. ശഹീദ് റഹ്മാൻ, പി.സി. രാമകൃഷ്ണൻ, രമേഷ് ബാബു, ജമാൽ കടന്നപ്പള്ളി, ജയചന്ദ്രൻ, ഡോ. എൻ. സുബ്രഹ്മണ്യൻ, റാനിയ എന്നിവർ സംസാരിച്ചു. വി.എൻ. ഹാരിസ് സ്വാഗതവും സി.കെ. മുനവ്വിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.