ഈരാറ്റുപേട്ട: ഒന്നു മുതല്‍ 10വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ സമുദായ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പുകള്‍ പുതുക്കാന്‍ കഴിയാതെ രക്ഷിതാക്കള്‍ നെട്ടോട്ടത്തില്‍. മുന്‍ വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ് ലഭിച്ചവരും അപേക്ഷിച്ചിട്ട് ഇതുവരെ ലഭിക്കാത്തവരുമാണ് എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായത്. സ്‌കോളര്‍ഷിപ് ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് പഴയ രജിസ്റ്റർ നമ്പര്‍ ഉപയോഗിച്ച് പുതുക്കുക മാത്രമേ ചെയ്യേണ്ടതുള്ളു. നാലാം തരവും ഏഴാം തരവും വിജയിച്ച് മറ്റു സ്‌കൂളുകളില്‍ ഉപരിപഠനത്തിനു ചേര്‍ന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ് പുതുക്കാന്‍ പഴയ രജിസ്റ്റർ നമ്പറിനൊപ്പം തൊട്ടുമുമ്പ് പഠിച്ച സ്‌കൂളില്‍നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റ് കൂടി ഉണ്ടായാല്‍ മതി. ഒന്നു മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് നിശ്ചിതമാനദണ്ഡങ്ങളിലൂടെ െതരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. 1000 രൂപയാണ് ഓരോ ക്ലാസിലും വര്‍ഷത്തില്‍ ഒരുതവണ ലഭിക്കുക. 2017-18 അധ്യയന വര്‍ഷം സ്‌കോളര്‍ഷിപ് അപേക്ഷ പുതുക്കുന്നവര്‍ക്കാണ് പ്രയാസം നേരിടുന്നത്. സ്കോളര്ഷിപ്പിെൻറ സൈറ്റില്‍ റിന്യൂവല്‍ വിഭാഗത്തില്‍ രജിസ്റ്റർ നമ്പര്‍ ഉപയോഗിക്കുമ്പോള്‍ പഴയ വിവരങ്ങള്‍ കാണുന്നില്ലെന്നാണ് പരാതി. ഇതു കാരണം പല രക്ഷിതാക്കള്‍ക്കും അപേക്ഷകള്‍ പുതുക്കാന്‍ സാധിക്കുന്നില്ല. നിരവധി രക്ഷിതാക്കള്‍ ഇതുസംബന്ധിച്ച സംശയങ്ങളും പരാതികളുമായി സ്‌കൂള്‍ അധികൃതരെ സമീപിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അപേക്ഷിച്ച കുട്ടികളുടെ അപേക്ഷകളുടെ കോപ്പി അതത് സ്‌കൂളുകളില്‍ സൂക്ഷിച്ചിട്ടുണ്ടാകും. ഇത് ഉപയോഗിച്ച് പഴയപോലെ പുതുക്കാമെന്ന നിര്‍ദേശമാണ് ഡി.പി.ഐ നല്‍കുന്നത്. ഇങ്ങനെ പുതുക്കാന്‍ സാധിക്കാത്തവര്‍ വീണ്ടും പുതിയതായി അപേക്ഷിക്കണമെന്നും പറയുന്നു. അതേസമയം, മുന്‍ വര്‍ഷങ്ങളില്‍ ചെയ്ത പോലെ അപേക്ഷയോടൊപ്പം രേഖകള്‍ ഒന്നും തന്നെ അപ്‌ലോഡ് ചെയ്യേണ്ടതുമില്ല. പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പിന് മാത്രമേ ഇപ്പോള്‍ രേഖകള്‍ അപ്‌ലോഡ് ചെയ്യേണ്ടതുള്ളൂവെന്നുമാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്. പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് രക്ഷാകര്ത്താവിെൻറ ഒപ്പോടെ സ്‌കൂളില്‍ സൂക്ഷിക്കണം. ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷ സ്കൂളിെൻറ ഉത്തരവാദിത്തത്തിലാണ് സമർപ്പിക്കേണ്ടത്. സ്‌കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാം. ഈ അപേക്ഷാ ഫോറത്തിലെ രക്ഷിതാവിെൻറ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ബാങ്ക് അക്കൗണ്ട് നമ്പര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാതെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും സ്‌കോളര്‍ഷിപ് ലഭിച്ചിട്ടില്ല. അതുപോലെ ആധാര്‍ കാര്‍ഡിലെ വിവരങ്ങളില്‍നിന്ന് വ്യത്യസ്തമായ പേര്, പിതാവിെൻറ പേര് തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ അപേക്ഷകളും നിരസിച്ചിട്ടുണ്ട്. മുമ്പ് കാണിച്ച വരുമാനത്തിലെ മാറ്റമാണ് ഒരുതവണ തുക കിട്ടിയവര്‍ക്ക് പിന്നീട് ലഭിക്കാതെ വന്നതിനു കാരണമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തില്‍ രക്ഷിതാക്കള്‍ക്കുള്ള ആശങ്ക ദൂരീകരിക്കും വിധം ബന്ധപ്പെട്ട അധികൃതരില്‍നിന്ന് വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.