സ്വാതന്ത്ര്യദിനത്തിലും സഞ്ചാരസ്വാതന്ത്ര്യമില്ല; മു​േട്ടൽ കോളനിയിലെ 32 കുടുംബങ്ങൾ വലയുന്നു

കോട്ടയം: സ്വാതന്ത്ര്യദിനത്തിലും അയ്മനം പുലിക്കുട്ടിശ്ശേരി മുേട്ടൽ കോളനിയിലെ 32 കുടുംബങ്ങൾക്ക് അളന്നുതിട്ടപ്പെടുത്തിയ വഴിയില്ല. മലിനജലമൊഴുകുന്ന ഒാടയുടെ മുകളിൽ സ്ലാബിട്ട് താൽക്കാലികമായി ഒരുക്കിയ പാതയിലൂടെയാണ് ഇവരുടെ സഞ്ചാരം. പതിറ്റാണ്ടുകൾ പഴക്കമുള്ള പരാതി പരിഹരിക്കാൻ മുട്ടാത്ത വാതിലുകളില്ല. ഹൈകോടതി വിധിയെത്തുടർന്ന് കലക്ടറും പഞ്ചായത്ത് അധികൃതരും നൽകിയ ഉറപ്പ് പാലിക്കാത്തതിൽ കോളനിവാസികൾക്ക് അമർഷമുണ്ട്. സമീപത്തെ ഇരുപതോളം വീട്ടുകാരും ഇൗ നടപ്പാതയാണ് ഉപയോഗിക്കുന്നത്. 1972ലാണ് മുേട്ടൽ കോളനി സ്ഥാപിച്ചത്. തോട്ടിൽനിന്ന് ഒാടയിലൂടെ ഒഴുകിയെത്തുന്ന മലിനജലം വീടുകളിലേക്ക് എത്തുന്നത് ദുരിതമാകുന്നു. കിണറുകൾ മലിനമായതോടെ ശുദ്ധജലം തേടി വലയുകയാണ്. കോളനിയിലേക്ക് വഴിവേണമെന്ന ആവശ്യവുമായി കോളനിയിലെ പി. ശ്യാമള 17 വർഷമായി വിവിധ സർക്കാർ ഒാഫിസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. വഴിയൊരുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിട്ടും നടപടിയുണ്ടായില്ല. 2016 മാർച്ച് രണ്ടിന് കോളനി സന്ദർശിച്ച അന്നത്തെ കലക്ടർ യു.വി. ജോസ് വഴി നിർമിച്ച് നൽകാമെന്ന് കോളനിവാസികൾക്ക് ഉറപ്പുനൽകിയിരുന്നു. കോളനിയിൽ അംഗൻവാടി അനുവദിച്ചെങ്കിലും നടപടിയുണ്ടായില്ല. 2014ൽ മുൻ എം.എൽ.എ തോമസ് ചാഴിക്കാടൻ 1.25 ലക്ഷം അംഗൻവാടിക്കായി അനുവദിച്ചെങ്കിലും തുടർനടപടി കടലാസിൽ ഒതുങ്ങി. മഴക്കാലത്ത് കുട്ടികളടക്കം മലിനജലം ചവിട്ടിലാണ് സഞ്ചാരം. ചെറിയവാഹനം കടന്നെത്താൻ സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മുേട്ടൽ കോളനിപാത കോൺക്രീറ്റ് ചെയ്യും -അയ്മനം പഞ്ചായത്ത് കോട്ടയം: മുേട്ടൽ കോളനിയിലേക്കുള്ള പാത കോൺക്രീറ്റ് ചെയ്യുമെന്ന് അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലിച്ചൻ പറഞ്ഞു. 32 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വെള്ളമൊഴുകാൻ നിർമിച്ച ഒാടയുടെ മുകളിൽ പാകിയ സ്ലാബിലൂടെ വാഹനങ്ങൾ കടന്നുപോകാൻ കഴിയില്ല. ഇത് പരിഹരിക്കാൻ 4.5 ലക്ഷം മുടക്കി പാത കോൺക്രീറ്റ് ചെയ്യാൻ ടെൻഡർ പൂർത്തിയായി. രണ്ടുമാസത്തിനകം നിർമാണം ആരംഭിക്കും. ഹൈകോടതിയുടെയും കലക്ടറുടെയും നിർദേശപ്രകാരം പാത സഞ്ചാരയോഗ്യമാക്കാനുണ്ടായിരുന്ന തടസ്സങ്ങൾ പൂർണമായി നീക്കി. നേരേത്ത നടപ്പാതയിലെ മരങ്ങളും വൈദ്യുതി പോസ്റ്റുകളും നീക്കിയിരുന്നു. പുതിയ പാത എട്ടുമീറ്റർ വീതിയിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.