കോട്ടയം: എം.സി റോഡിൽ മണിപ്പുഴയിലെ കുഴികൾ കടമ്പകൾ തീർത്തതോടെ തിങ്കളാഴ്ച വൻ ഗതാഗതക്കുരുക്കായി. നേരത്തേ കുഴികളിൽപെട്ട് ഗതാഗതക്കുരുക്കായതോടെ പാറപ്പൊടിയിട്ട് താൽക്കാലിക പരിഹാരത്തിനു ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴയിൽ ഇവ ഒഴുകിപ്പോയതോടെ വീണ്ടും കുഴികളായി. തിങ്കളാഴ്ച രാവിലെ മുതൽ ഒച്ചിഴയും വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോയത്. കോടിമത മുതൽ നാട്ടകം കോളജിനപ്പുറത്തേക്കും കുരുക്ക് നീണ്ടു. രണ്ടുദിവസത്തെ അവധിക്കുശേഷം ഒാഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോയവർ മണിക്കൂറുകൾ വഴിയിൽ കുടുങ്ങി. ദീർഘദൂര ബസുകളടക്കം നിരവധി കെ.എസ്.ആർ.ടി.സി ബസുകളും കുരുക്കിലായി. ഇത് യാത്രക്കാർക്കും ദുരിതമായി. മണിപ്പുഴ ജങ്ഷനിലേക്ക് മൂലേടത്തുനിന്നുള്ള വാഹനങ്ങൾ വന്നുചേരുന്നതും കുരുക്ക് വർധിക്കാൻ കാരണമായി. കഴിഞ്ഞദിവസം പാറപ്പൊടിയിട്ടതിനു പിന്നാലെ പൊടിപടലംകൊണ്ട് റോഡും പരിസരവും നിറഞ്ഞു. ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. 150 മീറ്ററോളം ഭാഗത്താണ് കഴിഞ്ഞദിവസം പാറപ്പൊടിയിട്ട് നികത്തിയത്. ഇനി പാറപ്പൊടി വിതറാൻ എത്തിയാൽ തടയുമെന്ന് നാട്ടുകാർ പറഞ്ഞു. പാറപ്പെടിയിട്ട് പണം തട്ടാനാണ് ശ്രമമെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇതിനു മുമ്പും റോഡ് തകർന്നപ്പോൾ പാറപ്പൊടിയിട്ട് കുഴികൾ നികത്തിയതിനെ തുടർന്ന് ദിവസങ്ങളോളം പൊടിശല്യമായിരുന്നു. മഴ മാറിയാൽ പിന്നെ പ്രദേശം കിലോമീറ്ററോളം പൊടിപടലത്തിൽ മുങ്ങും. വാഹനയാത്രക്കാർ മാത്രമല്ല, വ്യാപാരികളും സമീപം താമസിക്കുന്നവരും ദുരിതത്തിലാകും. വെയിൽ എത്തിയാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടി പരക്കും. ഇത് ശ്വസിച്ച് പരിസരവാസികളിൽ പലരും ശ്വാസംമുട്ടലിനു ചികിത്സയിലാണ്. മണിപ്പുഴ കവലയിലെ സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നവരും പൊടി ശ്വസിച്ച് അസ്വസ്ഥരാകുന്നതു പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.