മലയാളി യുവതി സൗദിയിൽ വീട്ടുതടങ്കലി​െലന്ന്​ ഭർത്താവ്; മനുഷ്യക്കടത്തെന്ന് സംശയം

കട്ടപ്പന: വീട്ടുജോലിക്കായി സൗദിയിലെത്തിച്ച മലയാളി യുവതിയെ വീട്ടുടമയായ അറബി മർദിച്ച് വീട്ടുതടങ്കലിലാക്കിയെന്ന് പരാതി. കട്ടപ്പന, നരിയംപാറ പട്ടരുകണ്ടത്തിൽ മാത്യു വർഗീസി​െൻറ ഭാര്യ ജെസി മാത്യുവാണ് (45) മൂന്നുമാസമായി വീട്ടുതടങ്കലിലായത്. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് മാത്യു വർഗീസ് കേന്ദ്ര പ്രവാസികാര്യ മന്ത്രി സുഷമ സ്വരാജ്, അഡ്വ. ജോയിസ് ജോർജ് എം.പി, ഇടുക്കി ജില്ല കലക്ടർ, ജില്ല പൊലീസ് സൂപ്രണ്ട്, കട്ടപ്പന ഡിവൈ.എസ്.പി എന്നിവർക്ക് പരാതി നൽകി. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കട്ടപ്പനയിലെ ഒരു സ്വകാര്യ കൺസൽട്ടൻസി വഴി സൗദിയിലെ റിയാദിലേക്ക് ജെസി പോയത്. സൗദിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന കാഞ്ഞിരപ്പള്ളി സ്വദേശികളായ മലയാളികളുടെ വീട്ടിൽ പ്രായമായ മാതാവിനെ പരിചരിക്കാനെന്ന് പറഞ്ഞാണ് അയച്ചത്. വിമാന ടിക്കറ്റും വിസയും സൗജന്യമാണെന്ന് അറിയിച്ച എജൻസി ഉടമ 5000 രൂപയാണ് ഫീസായി വാങ്ങിയത്. പുറമെ മെഡിക്കൽ എടുക്കുന്നതിനും ഡൽഹി യാത്രക്കുമായി 7000 രൂപകൂടി മുടക്കേണ്ടി വന്നു. അവിടെയെത്തിയപ്പോൾ പറഞ്ഞതിന് വിപരീതമായി അറബിയുടെ വീട്ടിലാണ് ജോലി നൽകിയത്. പാസ്പോർട്ടും മറ്റ് രേഖകളും അറബി വാങ്ങിവെച്ചു. ഫോണിൽ സംസാരിക്കുന്നതിനും നിയന്ത്രണമുണ്ടെന്ന് ഭർത്താവ് പറയുന്നു. മിക്കപ്പോഴും ശാരീരികമായി ഉപദ്രവിക്കുകയാണെന്ന് ജെസി ഫോണിൽ അറിയിച്ചിരുന്നു. ജൂണിലാണ് ജെസി അവസാനമായി ഫോൺ ചെയ്തത്. അറബിയുടെ മർദനമേറ്റ് താൻ അവശയായെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ജെസി കരഞ്ഞ് പറഞ്ഞതായി ഭർത്താവ് മാത്യു പറയുന്നു. ജെസി ഇടക്ക് വിളിക്കാറുള്ള ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ഏജൻസിയെ ബന്ധപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. സംഭവം മനുഷ്യക്കടത്ത് ആണോ എന്ന് സംശയമുണ്ടെന്നും ഇതുവരെ നൽകിയ പരാതികൾക്കൊന്നും നടപടി ഉണ്ടായിട്ടില്ലെന്നും മാത്യു വർഗീസ് പറഞ്ഞു. ജെസിയെ സൗദിയിലേക്ക് അയച്ച കട്ടപ്പനയിലെ ഏജൻറിനെ അറസ്റ്റ് ചെയ്ത് സംഭവത്തി​െൻറ നിജസ്ഥിതി മനസ്സിലാക്കണമെന്നും ഭാര്യയെ രക്ഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.