പള്ളിവാസലിലെ ഇരട്ടക്കൊലപാതകം വഴിവിട്ട ബന്ധത്തി​െൻറപേരിൽ

മൂന്നാർ: പള്ളിവാസലിൽ യുവതിയുടെയും മാതാവി​െൻറയും കൊലപാതകത്തിൽ കലാശിച്ചത്, പ്രതിയുമായുണ്ടായിരുന്ന വഴിവിട്ട ബന്ധം തുടരണമെന്ന യുവതിയുടെ പിടിവാശി മൂലമെന്ന് പൊലീസ്. പള്ളിവാസൽ രണ്ടാം മൈലിൽ ചൊവ്വാഴ്ച രാത്രി രാജമ്മ (60), മകൾ ഗീത (36) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ പള്ളിവാസൽ പവർ ഹൗസ് ഡിവിഷൻ 12 മുറി ലയത്തിൽ മണികണ്ഠ പ്രഭു (34) വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ രാത്രിയോടെ കീഴടങ്ങുകയായിരുന്നു. കൊലപാതകം നടന്നത് മൂന്നാർ സ്റ്റേഷൻ പരിധിയിൽപെടുന്നതിനാൽ ഇയാളെ മൂന്നാർ പൊലീസിന് കൈമാറി. കസ്റ്റഡിയിലെടുത്ത പ്രതിയെ ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, ഡിവൈ.എസ്.പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ ചോദ്യംചെയ്തു. മൂന്നാർ സി.ഐ സാം ജോസി​െൻറ നേതൃത്വത്തിൽ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച രാത്രി ഏഴിനും ഒമ്പതിനും ഇടയിലാണ് കൃത്യം നടന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ടാം മൈലിൽ ഏലത്തോട്ടം തൊഴിലാളിയായിരുന്ന രാജമ്മയും റിസോർട്ട് ജീവനക്കാരിയായ മകൾ ഗീതയും ഏലത്തോട്ടത്തിന് സമീപത്തെ ഷെഡിലാണ് താമസിച്ചിരുന്നത്. രാജമ്മയുടെ ആശാരിപ്പണിക്കാരനായ ഭർത്താവി​െൻറ സഹായിയായെത്തിയ മണികണ്ഠപ്രഭു ഗീതയുമായി അടുപ്പത്തിലാവുകയായിരുന്നു. ഇതോടെ ഭർത്താവും രണ്ടു മക്കളുമായി കഴിഞ്ഞ ഗീത വീടുപേക്ഷിച്ച് പ്രഭുവിനോടൊപ്പം തമിഴ്നാട്ടിലേക്ക് പോയി. അതിനിടെ, പ്രഭു മധുരയിൽ മറ്റൊരു പ്രണയത്തിൽപെടുകയും അവിടെ പെൺകുട്ടിയുമായി താമസമാക്കുകയും ചെയ്തു. ഇതോടെ തിരികെ പള്ളിവാസലിലെത്തിയ ഗീത അമ്മയോടൊപ്പം താമസിച്ചു. ഗീത പോയതോടെ മറ്റൊരു വിവാഹബന്ധത്തിൽ ഏർപ്പെട്ട ഭർത്താവ് സതീഷ് ആ ബന്ധം ഉപേക്ഷിച്ച് ഗീതക്കൊപ്പം പിന്നെയുമെത്തി. എന്നാൽ, പ്രഭുവുമായുള്ള ബന്ധം ഗീത രഹസ്യമായി തുടർന്നു. എന്നാൽ, മധുരയിെല ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഗീത നിരന്തരം ഉന്നയിച്ചിരുന്നു. മധുരയിലെ പെൺകുട്ടിയുമായി ബന്ധം തുടരാൻ ഉറച്ച പ്രഭു, തന്നെ ശല്യപ്പെടുത്തരുതെന്ന് പലപ്പോഴായി ഗീതയോട് ആവശ്യപ്പെട്ടു. പിന്മാറാൻ തയാറില്ലെന്നും താനുമായുള്ള ബന്ധം അവരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. ശല്യം ഒഴിവാക്കാൻ തീരുമാനിച്ച യുവാവ്, ചൊവ്വാഴ്ച രാത്രിയോടെ ഗീതയുടെ വീട്ടിലെത്തി തർക്കത്തിലേർപ്പെടുകയും തുടർന്ന് ബാഗിൽ സൂക്ഷിച്ച ഉളി ഉപയോഗിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മകളെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനെയും കൊലപ്പെടുത്തിയശേഷം രാത്രിയോടെ കുഞ്ചിത്തണ്ണിയിലെത്തിയ പ്രതി ഓട്ടോയിൽ വെള്ളത്തൂവൽ സ്റ്റേഷനിലെത്തി കീഴടങ്ങി. ബുധനാഴ്ച രാവിലെയോടെ മൂന്നാർ സ്റ്റേഷനിലെത്തിച്ച പ്രതിയെ തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊല്ലാൻ ഉപയോഗിച്ച ആയുധവും മറ്റും സമീപത്തെ കാട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.