ഇടുക്കിയിൽ ചന്ദനക്കടത്ത്​ സംഘങ്ങൾ വിലസുന്നു; നൂറ്​ മരം നഷ്​ടമായി

നെടുങ്കണ്ടം: ചന്ദനമരങ്ങൾ തമിഴ്നാട്ടിലേക്ക് മുറിച്ചുകടത്തുന്ന സംഘങ്ങൾ ഇടുക്കിയിൽ സജീവമായി. സർക്കാർ ഭൂമിയിലെയും സ്വകാര്യവ്യക്തികളുടെ പുരയിടത്തിലെയും ചന്ദനം മുറിച്ചുകടത്തുന്നുണ്ട്. ഒരു വർഷത്തിനിടെ ഹൈറേഞ്ചിൽനിന്ന് മാത്രം നൂറോളം ചന്ദനമരങ്ങളാണ് കടത്തിയത്. കർഷകർ നട്ടുവളർത്തിയ ചെറുമരങ്ങളാണ് ഏറെയും. ചെറിയ കാതൽ വരുന്ന സമയത്തുതന്നെ മുറിച്ചു കടത്തുന്നതാണ് രീതി. മുറിച്ചുമാറ്റിയ മരത്തി​െൻറ കുറ്റിയുൾപ്പെടെ നീക്കുകയും മണ്ണിട്ടുമൂടുകയും ചെയ്യും. നിയമപ്രശ്നം ഭയന്ന് പലരും മോഷണവിവരം ആരോടും പറയാറില്ല. റോഡരികിൽ സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽനിന്ന് നിരവധി മരങ്ങൾ കടത്തിയിരുന്നു. ഏതാനും മാസങ്ങൾക്കിടെ നെടുങ്കണ്ടം മേഖലയിൽ മാത്രം നിരവധി ചന്ദനമരങ്ങൾ മോഷ്ടിക്കപ്പെട്ടു. നെടുങ്കണ്ടം, എഴുകുംവയൽ, വലിയതോവാള, തൂക്കുപാലം, രാമക്കൽമേട്, ചോറ്റുപാറ മേഖലകളിൽനിന്നാണിത്. മുറിച്ചുമാറ്റുന്ന ചന്ദനമരങ്ങൾ അതിർത്തികടത്തി തമിഴ്നാട്ടിലെത്തിക്കാൻ മാർഗങ്ങൾ ഏറെയാണ്. കമ്പംമെട്ട് ചെക് പോസ്റ്റിനടുത്ത വനപ്രദേശങ്ങളിലൂടെയും ചന്ദനം അതിർത്തികടത്തുന്നുണ്ട്. വനമേഖലയോടുചേർന്ന സ്ഥലത്തെ നിരവധി മരങ്ങളിലും കോടാലിവീണു. ചെറുമരങ്ങൾ മുറിച്ച് തമിഴ്നാട്ടിലേക്ക് കടത്തുന്ന സംഘം ഹൈറേഞ്ച് കേന്ദീകരിച്ച് പ്രവർത്തിക്കുന്നതായി വർഷങ്ങളായി പരാതിയുയരുന്നുണ്ടെങ്കിലും വനം വകുപ്പോ പൊലീസോ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആരോപണവുമുണ്ട്. ചന്ദനമരങ്ങൾ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. പരാതി ലഭിച്ചാൽ അന്വേഷിക്കുമെന്ന് പൊലീസും പറയുന്നു. നെടുങ്കണ്ടത്തിനടുത്ത് കല്ലാർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തി​െൻറ മുൻവശത്ത് നിന്ന 35 വർഷം പഴക്കമുള്ള ചന്ദനമരം മുറിച്ചുകടത്തിയ കേസിൽ ഒരാളെ പിടികിട്ടാനുണ്ട്. പുലർച്ച അതിർത്തി മേഖലയിൽ നൈറ്റ് പട്രോളിങ് കഴിഞ്ഞ് മടങ്ങിയ പൊലീസ് ചോറ്റുപാറക്ക് സമീപം സംശയാസ്പദമായി കണ്ട സംഘത്തെ ചോദ്യംചെയ്യുന്നതിനിടെ ഇവരുടെ ബാഗിൽനിന്ന് ചന്ദനമരത്തി​െൻറ ചെറിയ പൂളുകളും പൊടിയും കണ്ടെത്തി. തുടർന്ന് വെസ്റ്റുപാറ ഭാഗത്ത് ഒളിപ്പിച്ച ചന്ദനക്കഷണങ്ങളും കണ്ടെടുത്തു. കഴിഞ്ഞതവണ ചന്ദനമരം മുറിച്ചുകടത്തിയ അഞ്ചംഗ സംഘത്തിൽ രണ്ടുപേരെ പിന്നാലെ എത്തി പൊലീസ് പിടികൂടിയിരുന്നു. ക്ഷേത്രത്തിന് ചുറ്റുമായി ഇരുപതോളം ചന്ദനമരങ്ങളുണ്ടായിരുന്നു. മുണ്ടിയെരുമയിൽ റവന്യൂ ഭൂമിയിൽ നിന്ന ചന്ദനമരവും നാളുകൾക്കുമുമ്പ് മോഷ്ടിക്കപ്പെട്ടു. കോമ്പയാർ സ്വദേശിയായ പുതുശേരിയിൽ ചാറ്റർജിയുടെ പുരയിടത്തിൽ നിന്ന 15 വർഷത്തോളം വളർച്ചയുള്ള ചന്ദനമരവും അടുത്തിടെ മുറിച്ചുകടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.