കാട്ടാനകളെ മെരുക്കാൻ പുതിയ വിദ്യയുമായി വനംവകുപ്പ്​: കാട്ടിൽതന്നെ തീറ്റയും വെള്ളവും ഒരുക്കും

തൊടുപുഴ: കാട്ടാനയടക്കം ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നത് തടയാൻ കാട്ടിൽ തന്നെ വന്യമൃഗങ്ങൾക്ക് തീറ്റയും വെള്ളവും ഒരുക്കാൻ വനംവകുപ്പ് പദ്ധതി തയാറാക്കി. സ്വാഭാവിക ആനത്താരകൾ സംരക്ഷിക്കും. പരമാവധി ജലലഭ്യത ഉറപ്പാക്കാൻ 1500 ജലസ്രോതസ്സുകൾ നവീകരിക്കും. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ ഫണ്ട് ലഭ്യതയനുസരിച്ച് പുതിയ കുളങ്ങൾ നിർമിക്കാനും ജലസ്രോതസ്സുകളുടെ സമീപങ്ങളിൽ മുള, പുല്ലുകൾ എന്നിവ വെച്ചുപിടിപ്പിക്കാനും നിർദേശമുണ്ട്. നാട് വിറപ്പിക്കുന്ന കാട്ടാനകളെ കുങ്കിയാനകളെ വരുത്തി നേരിട്ടിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് പുതിയ 'വിദ്യ'യുമായി അധികൃതർ രംഗത്തെത്തുന്നത്. തീറ്റതേടിയാണ് ആനകൾ കൂടുതലും നാട്ടിലിറങ്ങുന്നത്. ഇത് കണക്കിലെടുത്താണിത്. വനത്തിലെ സ്വാഭാവിക ആവാസവ്യവസ്ഥ നശിച്ചതാണ് വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്ക് ഇറങ്ങാൻ കാരണമെന്നാണ് വനപാലകർ ചൂണ്ടിക്കാട്ടുന്നത്. വനത്തിൽ തീറ്റയും വെള്ളവുമില്ലാതെ മൃഗങ്ങൾ വലയുന്ന സാഹചര്യവുമുണ്ട്. ഇടുക്കിയിൽ മാത്രം നാലുമാസത്തിനിടെ മൂന്നുപേരാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വ്യാപക കൃഷിനാശവുമുണ്ടായി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ മിക്ക പ്രദേശവും കാട്ടാന ഭീതിയിലാണ്. ആനപ്പേടിയിൽ പലരും വീടും നാടും ഉപേക്ഷിച്ചുപോയി. ഇതുകൂടാതെ നാട്ടിലിറങ്ങി മനുഷ്യജീവനു ഭീഷണിയുയർത്തുന്ന വന്യമൃഗങ്ങളെ മയക്കുവെടിവെച്ച് വനാന്തരങ്ങളിലേക്ക് മടക്കിയയക്കാൻ നടപടിയുമുണ്ടെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. മുന്നറിയിപ്പ് നൽകുന്ന ഏർലി വാണിങ് എസ്.എം.എസ് അലർട്ട് സിസ്റ്റം മൂന്നാർ, വയനാട്, ആറളം മേഖലകളിൽ പരീക്ഷണാർഥം നടപ്പാക്കിവരുന്നുണ്ട്. ഇത് കാട്ടാന ശല്യം അനുഭവപ്പെടുന്ന 43 പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. പ്രശ്നക്കാരായ ആനകൾക്ക് റേഡിയോ കോളർ ഘടിപ്പിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ഒരുങ്ങുന്നുണ്ട്. മനുഷ്യനും വന്യജീവികളും തമ്മിൽ സംഘർഷം രൂക്ഷമായ പ്രദേശങ്ങളിൽ കാമറ ട്രാപ് സംവിധാനം ഏർപ്പെടുത്തി നിരീക്ഷണം ശക്തമാക്കും. ആന പ്രതിരോധ കിടങ്ങുകൾ, മതിലുകൾ, സൗരോർജ വേലി എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്. വനത്തിലെ ചതുപ്പുകളിലെ അധിനിവേശസസ്യങ്ങൾ നീക്കി മൃഗങ്ങൾക്ക് ഭക്ഷ്യയോഗ്യമായ സസ്യങ്ങൾ വളർത്തും. അഫ്സൽ ഇബ്രാഹിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.