ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം വര്‍ധിക്കുന്നു

കോട്ടയം: ജില്ലയില്‍ കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം വര്‍ധിക്കുന്നു. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് രക്ഷിക്കുന്നതിനുള്ള (പോസ്കോ) നിയമപ്രകാരം ജനുവരി മുതല്‍ ജൂലൈവരെയുള്ള കാലയളവിനുള്ളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 65 കേസുകളാണ്. നിയമം നടപ്പാക്കിയ 2013ല്‍ 27 കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടടുത്ത വര്‍ഷം ഇത് 66 ആയി ഉയരുകയും 2015ല്‍ 51 ആയി താഴുകയും ചെയ്തു. എന്നാല്‍, ഏഴു മാസത്തിനുള്ളില്‍ തന്നെ കേസുകളുടെ എണ്ണം റെക്കോഡിലേക്ക് ഉയര്‍ന്നത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഒന്നാമത് തിരുവനന്തപുരമാണ്. ഇക്കാര്യത്തില്‍ ആറാം സ്ഥാനമാണ് കോട്ടയം. ജനുവരി, ഏപ്രില്‍, മേയ് മാസങ്ങളില്‍ 10 കേസുകള്‍ വീതവും ഫെബ്രുവരിയില്‍ ഒമ്പതും മാര്‍ച്ചില്‍ എട്ടും ജൂണില്‍ ഏഴും ജൂലൈയില്‍ 11 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 42 കേസുകള്‍ മാത്രമുള്ള പത്തനംതിട്ട ജില്ലയാണ് ഏറ്റവും കുറവ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ മിക്ക കേസുകളും രണ്ടാനച്ഛന്മാരെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കേസുകളില്‍ നടപടിയുണ്ടാകുന്നില്ളെന്ന് കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. സെഷന്‍സ് കോടതികളെ പോക്സോ നിയമപ്രകാരം പ്രത്യേക കോടതികളാക്കി മാറ്റി ഇവിടങ്ങളിലെ പബ്ളിക് പ്രോസിക്യൂട്ടര്‍മാരെ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചിരുന്നു. ഈ കോടതികളിലെ കേസുകളുടെ ബാഹുല്യവും ജില്ലാ ജഡ്ജിമാരുടെ കോടതി ഭരണചുമതലകളും മൂലമാണ് കേസുകള്‍ പരിഗണിക്കുന്നതില്‍ കാലതാമസമുണ്ടായത്. പല കേസുകളിലും കൃത്യസമയത്ത് ചാര്‍ജ് ഷീറ്റ് നല്‍കുന്നതിലുള്ള വീഴ്ചയും കേസുകള്‍ നീളാന്‍ കാരണമാകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.