കഞ്ഞിവെള്ളത്തില്‍നിന്ന് ഹല്‍വ, ചൊറിതണം ഉപയോഗിച്ച് വട; ഭക്ഷ്യമേള ശ്രദ്ധേയമായി

പാലാ: ഇലകള്‍ ഉപയോഗിച്ചുള്ള ചതുര്‍വിധ വിഭവങ്ങള്‍ ഒരുക്കി കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍. തകരമുതല്‍ ചൊറിതണം വരെ ഉപയോഗിച്ച് ഭക്ഷണപാനീയങ്ങളുമായി വിദ്യാര്‍ഥികള്‍ ഭക്ഷ്യമേളക്കത്തെിയപ്പോള്‍ കാണികള്‍ക്കും കൗതുകം. ബാലശാസ്ത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട പ്രോജക്ടിന്‍െറ ഭാഗമായാണ് ‘താളും തകരയും’ പേരില്‍ വിദ്യാര്‍ഥികള്‍ ആരോഗ്യഭക്ഷ്യമേള നടത്തിയത്. വിഷലിപ്തമായ പച്ചക്കറികളോട് വിടപറഞ്ഞ് പറമ്പുകളില്‍ ആരും ശ്രദ്ധിക്കാതെ ഉപേക്ഷിക്കുന്ന പച്ചിലകള്‍ ഉപയോഗിച്ച് സമൃദ്ധമായ സദ്യ ഒരുക്കുന്ന വിധവും കുട്ടികള്‍ അവതരിപ്പിച്ചു. കൈപ്പുണ്യം കടാക്ഷിച്ച ഭക്ഷ്യമേളയില്‍ പങ്കെടുത്തവര്‍ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുമെന്ന് വിദ്യാര്‍ഥികള്‍ക്ക് വാക്കുകൊടുത്താണ് പിരിഞ്ഞത്. അധ്യാപകരുടെ മേല്‍നോട്ടത്തിലായിരുന്നു ഭക്ഷ്യമേള.അരി വേവിച്ച് ചോറാക്കിയശേഷം കഞ്ഞിവെള്ളം ഇനി ഉപേക്ഷിക്കേണ്ട കാര്യമില്ല. പറമ്പിലേക്ക് ഒഴിച്ചുകളയുന്ന കഞ്ഞിവെള്ളത്തില്‍നിന്ന് വിദ്യാര്‍ഥികള്‍ രുചികരമായ ഹല്‍വ ഉണ്ടാക്കി. പലരും ഹല്‍വ രുചിച്ചിട്ട് അതിന്‍െറ ചേരുവ അന്വേഷിച്ചപ്പോഴാണ് പ്രധാന കൂട്ട് കഞ്ഞിവെള്ളമാണെന്ന് വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തിയത്. ചെമ്പരത്തി ഉപയോഗിച്ച് നിര്‍മിച്ച സ്ക്വാഷിന് ഒന്നാന്തരം വീഞ്ഞിന്‍െറ നിറം. ചെമ്പരത്തിപ്പൂവിന്‍െറ ചുവപ്പ് കളര്‍ കണ്ട് പലരും ബ്രാന്‍ഡഡ് കമ്പനി നിര്‍മിച്ച സ്ക്വാഷാണെന്ന് തെറ്റിദ്ധരിച്ചു. രുചിച്ചുനോക്കിയവര്‍ പാചകക്കാരായ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. ചീരകൊണ്ട് നിര്‍മിച്ച കട്ലറ്റ്, മുരിങ്ങയില, ചീര, തകര, പയര്‍ ഇല, മത്തയില, ചേമ്പിന്‍താള് എന്നിവകൊണ്ട് നിര്‍മിച്ച വിവിധ രുചിക്കൂട്ടുകള്‍ ചേര്‍ത്ത തോരന്‍ ഇലകളില്‍ വിളമ്പിയപ്പോള്‍ രുചിവൈവിധ്യം കൊണ്ട് അവ മികച്ചുനിന്നു. പറമ്പില്‍ ആരും തിരിഞ്ഞുനോക്കാതെ വെട്ടിക്കളയുന്ന ചൊറിതണമുപയോഗിച്ച് നിര്‍മിച്ച വട സാക്ഷാല്‍ പരിപ്പുവടയെ കടത്തിവെട്ടി. തൊട്ടാല്‍ ചൊറിയുന്ന ചൊറിതണത്തിന് ഇത്രയേറെ രുചിയുണ്ടെന്ന തിരിച്ചറിവ് പലര്‍ക്കും ആദ്യ അനുഭവമായി. മേളയില്‍ നൂറോളം കുട്ടികള്‍ നാടന്‍ ഇലക്കറികളുമായി എത്തി. പണ്ടുകാലത്ത് മുത്തശ്ശിമാര്‍ വീട്ടല്‍ ഉണ്ടാക്കിയിരുന്ന ഇലക്കറികളുടെ ചേരുവകള്‍ അടങ്ങിയ മേളയില്‍ പാരമ്പര്യത്തിന്‍െറ രുചി നിഴലിച്ചുനിന്നു. പുത്തന്‍ തലമുറക്ക് അന്യമായ പലതരം നാടന്‍ കറികള്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍ ഉണ്ടുമറന്ന പഴമക്കാര്‍ക്ക് കുട്ടിക്കാലത്ത് മുത്തശ്ശി വിളമ്പിയ വിഭവങ്ങളുടെ സ്വാദ് ഒരിക്കല്‍കൂടി നുകരാന്‍ കഴിഞ്ഞു. കണ്ണന്‍പഴംകൊണ്ടുള്ള പായസം മുതല്‍ ഇലകള്‍ ഉപയോഗിച്ചുള്ള പുഴുക്കുകള്‍ വരെ മേശമേല്‍ രുചിപകര്‍ന്നു. ഹെഡ്മിസ്ട്രസ് രമ ബി.നായര്‍ മേള ഉദ്ഘാടനം ചെയ്തു. അധ്യാപികയായ ജ്യോതി മേളക്ക് നേതൃത്വം നല്‍കി. കാണക്കാരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രഞ്ജിത, കിടങ്ങൂര്‍ ഗവ. എല്‍.പി.എസ് അധ്യാപിക ആശ, നെച്ചിക്കാട്ട് ഹോസ്റ്റല്‍ സാരഥി ശ്രീജ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.