ടാപ്പര്‍ ബാങ്ക് പദ്ധതിക്ക് വേഗംവെക്കുന്നു

കോട്ടയം: റബര്‍ വെട്ടുകാരുടെ കുറവ് പരിഹരിക്കാന്‍ റബര്‍ ബോര്‍ഡ് തുടക്കമിട്ട ടാപ്പര്‍ ബാങ്ക് പദ്ധതിയില്‍ പുരോഗതി. തുടക്കത്തില്‍ പദ്ധതിയില്‍ താല്‍പര്യം കാട്ടാതിരുന്ന തൊഴിലാളികള്‍ മനസ്സ് മാറ്റിയതോടെയാണ് പദ്ധതിക്ക് വേഗംവെച്ചത്. ഇതോടെ സംസ്ഥാനത്ത് 20 ടാപ്പര്‍ ബാങ്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആര്‍.പി.എസുകളുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഓരോ ബാങ്കിലും 10 തൊഴിലാളി വീതമാണുള്ളത്. ടാപ്പിങ് തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്ക് ബാങ്കുകളെ സമീപിക്കാം. കണ്ണൂര്‍ ശ്രീകണ്ഠപുരത്ത് രണ്ട് ടാപ്പിങ് ബാങ്കാണ് ആരംഭിച്ചത്. കൊട്ടാരക്കയില്‍ ഇതര സംസ്ഥാനക്കാരും ടാപ്പര്‍ ബാങ്കിലുണ്ട്. പരിചയമില്ലാത്തവര്‍ ടാപ് ചെയ്താല്‍ പാല്‍പട്ട ശരിയായി മുറിയാത്തതുമൂലം ഉല്‍പാദനം കുറയാനിടയുണ്ട്. കത്തി തടിയില്‍ കൊള്ളുന്നത് മരത്തിന്‍െറ വളര്‍ച്ചയെ ബാധിക്കും. കാലക്രമേണ ഈഭാഗത്ത് ടാപ്പിങ് അസാധ്യമാകും. ഇതിന് പരിഹാരം കാണാന്‍ റബര്‍ ബോര്‍ഡ് ടാപ്പിങ് പരിശീലനം ആരംഭിച്ചിരുന്നു. എന്നാല്‍, ഇത് വേണ്ടത്ര വിജയിക്കുന്നില്ല. റബറിന് വിലയിടിയുകയും ചെയ്തതോടെ പരിശീലനത്തിനത്തെുന്നവരുടെ എണ്ണം ചുരുങ്ങി. ഈ സാഹചര്യത്തിലാണ് ടാപ്പര്‍ ബാങ്ക് എന്ന ആശയം ബോര്‍ഡ് മുന്നോട്ടുവെച്ചത്. ആര്‍.പി.എസുകളുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ഇതിന്‍െറ പരിധിയിലെ ടാപ്പര്‍മാരെല്ലാം ചേര്‍ന്ന് സ്വയംസഹായസംഘം രൂപവത്കരിക്കും. തുടര്‍ന്ന് ബാങ്കിനു രൂപം നല്‍കും. വെട്ടുകൂലി നിശ്ചയിക്കുന്നതും ഇടാക്കുന്നതും ആര്‍.പി.എസുകളാകും. പദ്ധതിയിലൂടെ തൊഴിലാളികള്‍ക്കും മികച്ച വരുമാനം ഉറപ്പാക്കാനാകുമെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് പ്രോവിഡന്‍റ് ഫണ്ട്, ഇന്‍ഷുറന്‍സ് കവറേജ് എന്നിവ ലഭിക്കും. ജോലിക്കിടെ അപകടം സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിനായി പ്രത്യേക പദ്ധതിയുമുണ്ട്. പിരിഞ്ഞുപോകുമ്പോള്‍ മികച്ചൊരു തുക പ്രോവിഡന്‍റ് ഫണ്ടില്‍നിന്ന് ലഭിക്കുമെന്ന മെച്ചവുമുണ്ട്. അംഗമാകുന്ന തൊഴിലാളികള്‍ക്ക് ആറു ദിവസം ജോലി ഉറപ്പാക്കും. ഒരാള്‍ക്ക് ശരാശരി 400 മരമെങ്കിലും വെട്ടാന്‍ ലഭ്യമാക്കും. ചെറിയ തോട്ടങ്ങള്‍ ടാപ് ചെയ്തിരിക്കുന്നവര്‍ക്ക് ദിവസവും 500 മരംവരെ ഇതിലൂടെ ടാപ് ചെയ്യാന്‍ കഴിയും. ടാപ്പിങ്ങിനു പുറമെ തോട്ടങ്ങളിലെ മറ്റു ജോലികളും ബാങ്കുകളുടെ നേതൃത്വത്തില്‍ ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. ഇങ്ങനെ കൂടുതല്‍ വരുമാനം തൊഴിലാളികള്‍ക്ക് ഉറപ്പാക്കാനാണ് ശ്രമം. ടാപ്പര്‍ ബാങ്കിലേക്ക് സ്ത്രീകളും താല്‍പര്യം അറിയിച്ചിട്ടുണ്ട്. പത്തനംതിട്ടയിലും എറണാകുളത്തുമാണ് വനിതകള്‍ മാത്രമുള്ള ബാങ്കുകള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള 30 ദിവസത്തെ പരിശീലനം ഉടന്‍ തുടങ്ങും. നിലവില്‍ ടാപ്പിങ് ജോലി ചെയ്യുന്ന പരിചയസമ്പന്നരെ ഉള്‍പ്പെടുത്തിയാണ് ടാപ്പര്‍ ബാങ്ക് രൂപവത്കരിക്കുന്നത്. അടുത്തഘട്ടമായി പുതിയതായി ഈ രംഗത്തേക്ക് എത്തുന്നവരെയും ഉള്‍പ്പെടുത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.