യാത്രക്കാരെ വലച്ച് മിന്നല്‍ പണിമുടക്ക്

കോട്ടയം: ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. അവധിയെടുത്തും ഡിപ്പോയിലത്തെിയിട്ടും ജോലിക്ക് കയറാതെയും ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചപ്പോള്‍ ജനം വട്ടം ചുറ്റി. ഭൂരിഭാഗം യാത്രക്കാരും ബുധനാഴ്ച വിവിധ സ്റ്റാന്‍ഡുകളില്‍ എത്തിയപ്പോഴാണ് സമരവിവരം അറിഞ്ഞത്. ഇതോടെ പലരും സ്റ്റാന്‍ഡുകളില്‍ കുടുങ്ങി. ചില ഡിപ്പോകളില്‍നിന്ന് പുറപ്പെട്ട സര്‍വിസുകള്‍ തിരികെ വിളിച്ചും ജീവനക്കാര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. ദേശസാത്കൃത റൂട്ടിലെ യാത്രക്കാരാണ് കൂടുതല്‍ വലഞ്ഞത്. ശമ്പളം മുടങ്ങിയതിനാല്‍ ബുധനാഴ്ച സമരം നടത്തുമെന്ന് ഐ.എന്‍.ടി.യു.സി യൂനിയന്‍ അറിയിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച രാവിലെ ജോലിക്കത്തെിയവര്‍ യൂനിയന്‍ ഭേദമില്ലാതെ പണിമുടക്കുകയായിരുന്നു. ചങ്ങനാശേരി ഡിപ്പോയില്‍നിന്ന് ഒരുസര്‍വിസുപോലും നടത്തിയില്ല. 55 ഷെഡ്യൂളുകളായി 72 സര്‍വിസുകളായിരുന്നു ഇവിടെ നടത്തിയിരുന്നത്. ഒന്നുംപോലും ഓടിയില്ല. പ്രതിദിനം 107 സര്‍വിസുകള്‍ ഓപറേറ്റ് ചെയ്യുന്ന കോട്ടയം ഡിപ്പോയില്‍നിന്ന് ഓപറേറ്റ് ചെയ്തത് അഞ്ചു സര്‍വിസ് മാത്രമാണ്. പുലര്‍ച്ചെ എറണാകുളം, കുമളി എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും തിരുവനന്തപുരത്തേക്ക് ഒരു സര്‍വിസുമാണ് നടത്തിയത്. പിന്നീട് സര്‍വിസുകള്‍ പൂര്‍ണമായി നിര്‍ത്തിവെച്ചു. മറ്റു ഡിപ്പോകളില്‍നിന്നത്തെിയ സര്‍വിസുകള്‍ കോട്ടയത്ത് സ്റ്റാന്‍ഡിന് പുറത്തുനിര്‍ത്തി ആളെ കയറ്റി മടങ്ങി. ട്രെയിന്‍ ഗതാഗതം അലങ്കോലമായതിനാല്‍ കൂടുതല്‍ ആളുകള്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിച്ചിരുന്നു. സമരമറിയാതെ സ്റ്റാന്‍ഡിലത്തെിയവര്‍ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു. യാത്രക്കാരില്‍ പലരും സമരം ചെയ്യുന്ന ജീവനക്കാരോടു തട്ടിക്കയറി. ജോലിക്കും സ്കൂളുകളിലും പോകേണ്ടവരാണ് ശരിക്കും വലഞ്ഞത്. പലരും വൈകിയാണ് ഓഫിസുകളില്‍ എത്തിയത്. സര്‍വിസ് നടത്തിയ ബസുകളില്‍ വന്‍ തിരക്കും അനുഭവപ്പെട്ടു. സ്റ്റാന്‍ഡുകളില്‍ നൂറുകണക്കിന് യാത്രക്കാരാണ് കാത്തുനിന്നത്. എം.സി റോഡിലൂടെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാമമാത്രമായത് സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. കുമളി യാത്രക്കാരും വലഞ്ഞു. വൈക്കം ഡിപ്പോയിലും സമരം പൂര്‍ണമായിരുന്നു. എരുമേലിയില്‍നിന്ന് രാവിലെ സര്‍വിസുകളെല്ലാം നടന്നു. എന്നാല്‍, പിന്നീട് മടങ്ങിയത്തെിയവ ഓടിയില്ല. പാലായിലും ഈരാറ്റുപേട്ടയിലും ഉച്ചക്കുശേഷം സര്‍വിസുകള്‍ മുടങ്ങി. കോട്ടയം ഡിപ്പോയിലെ ഓഫിസിന്‍െറ പ്രവര്‍ത്തനവും പൂര്‍ണമായി മുടങ്ങി. ഈരാറ്റുപേട്ട: രാവിലെ തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുന്ന രണ്ട് ബസ് മാത്രമാണ് ഡിപ്പോയില്‍നിന്നു ബുധനാഴ്ച ഈരാറ്റുപേട്ട ഡിപ്പോയില്‍നിന്ന് ഓടിയത്. 61 സര്‍വിസുകളാണ് ഡിപ്പോയിലുള്ളത്. കെ.എസ്.ആര്‍.ടി.സി മാത്രം സര്‍വിസ് നടത്തുന്ന ചേന്നാട്, കൈപ്പള്ളി പോലെയുള്ള പ്രദേശങ്ങളെയാണ് സര്‍വിസ് മുടക്കം സാരമായി ബാധിച്ചു. പാലാ: ഡിപ്പോയില്‍ എട്ടു ബസുകള്‍ സര്‍വിസുകള്‍ മാത്രമാണ് നടത്തിയത്. രാവിലെ ആറരയോടെ തൊഴിലാളികള്‍ ബസ് തടയുകയായിരുന്നു. ഇതിന് മുമ്പ് സര്‍വിസ് തുടങ്ങിയവ മാത്രമാണ് ഓടിയത്. ദൂര സ്ഥലങ്ങളിലേക്കു പോകാന്‍ എത്തിയവര്‍ക്കും സ്ഥിരം യാത്രക്കാര്‍ക്കും സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.