മെത്രാന്‍ കായലില്‍ നവംബര്‍ ഒന്നിന് കൃഷിയിറക്കും

കോട്ടയം: മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. 25 ഏക്കര്‍ നിലത്തെ വെള്ളം വറ്റിച്ചുതുടങ്ങി. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച ജോലിക്ക് തുടക്കമായത്. നവംബര്‍ ഒന്നിന് വിത്തുവിതക്കാനാണ് തീരുമാനം. മെത്രാന്‍ കായലിലെ 25 ഏക്കറില്‍ കൃഷിയിറക്കാന്‍ ഉടമകള്‍ സന്നദ്ധരായതിനെ തുടര്‍ന്ന് കുമരകം പഞ്ചായത്തിലെ കുടുംബശ്രീ, പുരുഷ സഹായ സംഘങ്ങള്‍ തുടങ്ങിയ സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നിട്ടുണ്ട്. കമ്പനിയുടെ കൈവശമുള്ള സ്ഥലത്ത് കൃഷിചെയ്യാന്‍ തയാറാണോ എന്നും കലക്ടര്‍ സി.എ. ലത ആരാഞ്ഞിട്ടുണ്ട്. കോടതി നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകാനാണ് ജില്ലാ ഭരണകൂടത്തിന്‍െറ തീരുമാനമെന്ന് കലക്ടര്‍ പറഞ്ഞു. മീന്‍പിടിക്കാനും മറ്റുമായി മടകെട്ടിയിട്ടുള്ള കല്ല് ഇളക്കിമാറ്റാനുള്ള സാധ്യത കണക്കിലെടുത്ത് മെത്രാന്‍ കായല്‍ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. കൃഷിചെയ്യാന്‍ സന്നദ്ധരായി വരുന്നവരെ കൃത്യമായി വിലയിരുത്തി മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് മുന്നോട്ടുപോകാന്‍ കലക്ടര്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കലക്ടറേറ്റില്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ സുമ ഫിലിപ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ്. ജയലളിത, ടി.എസ്. ബിന്ദി, മങ്കൊമ്പ് നെല്ല് ഗവേഷണ വിഭാഗം പ്രഫ. ഡോ. ലീന കുമാര്‍, പുഞ്ച സ്പെഷല്‍ ഓഫിസര്‍ പി.എ. റസീന, കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രം പ്രഫ. അംബികാദേവി, പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.ജെ. ജോര്‍ജ്, കൃഷി അസി. ഡയറക്ടര്‍ മുഹമ്മദ് ഷരീഫ്, കെ.എസ്.ഇ.ബി അസി. എന്‍ജിനീയര്‍ സജിത് ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.