നഗരത്തിലെങ്ങും നോ പാര്‍ക്കിങ്

കോട്ടയം: നഗരത്തില്‍ വാഹനത്തില്‍ എത്തുന്നവര്‍ പാര്‍ക്കിങ്ങിന് സ്ഥലമില്ലാതെ വലയുന്നു. നഗരത്തിലും പരിസരപ്രദേശങ്ങളിലും അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് പൊലീസ് പിഴയീടാക്കി തുടങ്ങിയതോടെയാണ് ജനം ബുദ്ധിമുട്ടിലായത്. നഗരത്തിലെ ശീമാട്ടി റൗണ്ടാനയില്‍ ആകാശനടപ്പാതയുടെ നിര്‍മാണപ്രവര്‍നങ്ങള്‍ ആരംഭിച്ചതോടെ ധാരാളം ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്ന ടി.ബി റോഡിലും പോസ്റ്റ് ഓഫിസിന് മുന്നിലും നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് യാത്രക്കാര്‍ക്കു തിരിച്ചടിയായി. പാര്‍ക്കിങ് വ്യാപകമായി നിരോധിച്ചിച്ചതോടെ നഗരത്തിലെ ഷോപ്പിങ്ങിന് ആളുകള്‍ വിമുഖത കാണിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. പണം നല്‍കി പാര്‍ക്കിങ് അനുവദിച്ചിട്ടുള്ള ആറു സ്ഥലങ്ങളാണ് നഗരത്തിലുള്ളത്. തിരുനക്കര മൈതാനം, പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം, അനുപമ തിയറ്ററിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് ഗ്രൗണ്ട്, ശാസ്ത്രി റോഡില്‍ ശീമാട്ടി റൗണ്ടാന കഴിഞ്ഞ് ഇടവതുവശത്ത ബസ് സ്റ്റോപ്പിനു പിന്നില്‍, കല്യാണ്‍ സില്‍ക്സിനുസമീപം എന്നിവയാണിവ. ഇവിടങ്ങളില്‍ വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്ന സാഹചര്യമാണ്. ആകെ 480 വാഹനങ്ങള്‍ മാത്രമാണ് ആറു പാര്‍ക്കിങ് ഗ്രൗണ്ടുകളിലുമായി പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. എന്നാല്‍, മറ്റു ജില്ലകളില്‍നിന്ന് കോട്ടയം നഗരത്തില്‍ എത്തുന്നവര്‍ക്ക് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ സംബന്ധിച്ചു സൂചന നല്‍കുന്ന ഒരു ബോര്‍ഡും സ്ഥാപിച്ചിട്ടില്ല. പാര്‍ക്കിങ്ങിന് സ്ഥലം ഒരുക്കി നല്‍കേണ്ടതു നഗരസഭയാണ്. എന്നാല്‍, ഇക്കാര്യത്തില്‍ ക്രിയാത്മകമായി ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ ആളുകളെ വെച്ച് പാര്‍ക്കിങ് ഫീ പിരിച്ചാല്‍പോലും ലാഭമുണ്ടാകുമെന്നിരിക്കെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ടെന്‍ഡര്‍ വിളിച്ചു സ്വകാര്യവ്യക്തികള്‍ക്കു നല്‍കുകയാണ് നഗരസഭ ചെയ്യുന്നത്. കഴിഞ്ഞദിവസങ്ങളിലെല്ലാം നഗരത്തില്‍ അനധികൃതമായി പാര്‍ക്ക് ചെയ്തതിന്‍െറ പേരില്‍ പിഴ അടക്കേണ്ടി വന്ന വാഹനയുടമകള്‍ നിരവധിയാണ്. എന്നാല്‍, റോഡിലെ വെള്ളവരക്കുള്ളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്താല്‍ പിഴ ചുമത്തില്ളെന്നാണ് പൊലീസ് പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.