മില്ലുകാര്‍ നെല്ളെടുക്കുന്നത് നിര്‍ത്തി; കോട്ടയത്ത് 1000 ടണ്‍ കെട്ടിക്കിടക്കുന്നു

കോട്ടയം: മില്ലുടമകളുടെ അപ്രതീക്ഷിത സമരത്തില്‍ നെല്ല് സംഭരണം താളംതെറ്റി. കോട്ടയം ജില്ലയിലെ വിവിധ പാടശേഖരങ്ങളിലായി 10,00 ടണ്‍ നെല്ല് കെട്ടിക്കിടക്കുന്നു. തലയാഴം, വെച്ചൂര്‍, കല്ലറ, അയ്മനം, കുമരകം, തിരുവാര്‍പ്പ് താലൂക്കുകളില്‍ കൊയ്തെടുത്ത നെല്ല് പാടവരമ്പത്ത് കൂട്ടിയിട്ടിരിക്കുകയാണ്. നെല്ല് എടുക്കാന്‍ കമ്പനികള്‍ തയാറാവാത്തും മഴ പെയ്യുന്നതും കര്‍ഷകരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം കുമരകത്ത് കനത്ത മഴ പെയ്തിരുന്നു. ടാര്‍പോളിന്‍കൊണ്ട് നെല്ല് മൂടിയിട്ടിരിക്കുകയാണെങ്കിലും മഴ തുടര്‍ന്നാല്‍ നെല്ല് നശിക്കാന്‍ സാധ്യതയുണ്ട്. കുമരകത്താണ് ഏറ്റവും കൂടുതല്‍ നെല്ല് കെട്ടിക്കിടക്കുന്നത്. മങ്കുഴി, പള്ളിക്കായല്‍ പാടശേഖരങ്ങളില്‍ നൂറുകണക്കിന് ക്വിന്‍റല്‍ നെല്ലാണ് കെട്ടിക്കിടക്കുന്നത്. സപൈ്ളകോയുമായുള്ള കരാറിന്‍െറ അടിസ്ഥാനത്തില്‍ സ്വകാര്യ അരിമില്ലുടമകള്‍ കര്‍ഷകരില്‍നിന്ന് നെല്ല് ശേഖരിച്ച് കുത്തി അരിയാക്കി സപൈ്ളകോക്ക് കൈമാറുകയാണ് ചെയ്യുന്നത്. കോട്ടയത്തുനിന്ന് 17 മില്ലുകളാണ് നെല്ല് എടുത്തിരുന്നത്. എന്നാല്‍, സംഭരണം പാതിവഴി പിന്നിട്ടതോടെ നെല്ല് കുത്തിയെടുക്കുന്ന അരി സംഭരിക്കുന്ന ചാക്കുകളെച്ചൊല്ലി സപൈ്ളകോ അധികൃതരും സ്വകാര്യ മില്ലുടമകളും തമ്മില്‍ തര്‍ക്കം ഉടലെടുത്തു. ഇതോടെ മില്ലുകള്‍ സമരം തുടങ്ങി. ഒരുകമ്പനിയൊഴിച്ച് മറ്റെല്ലാവരും നെല്ല് എടുക്കാതെ വിട്ടുനില്‍ക്കുകയാണ്. നെല്ല് മാറ്റാത്തതിനാല്‍ പുഞ്ചകൃഷിക്കുള്ള ഒരുക്കം ആരംഭിക്കാനും കര്‍ഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒരോതവണയും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിറത്തിലുള്ള ചാക്കുകളിലാണ് അരി പാക്ക് ചെയ്യേണ്ടത്. എന്നാല്‍, ഇത്തവണ പഴയ ചാക്കുകള്‍തന്നെ ഉപയോഗിക്കാമെന്ന ധാരണ ഉണ്ടായിരുന്നതായി മില്ലുടമകള്‍ പറയുന്നു. പഴയ ചാക്കിന് 32 രൂപയും പുതിയതിന് 53 രൂപയുമാണ് വില. പുതിയ ചാക്കില്‍ അരി നല്‍കുമ്പോള്‍ അധികചെലവ് ഉണ്ടാകും. ഇത് സഹിക്കാന്‍ സാധിക്കില്ളെന്നാണ് മില്ലുടമകളുടെ വാദം. പഴയ ചാക്കില്‍ സംഭരിച്ച അരി പരിശോധിക്കാന്‍ സപൈ്ളകോ ഉദ്യോഗസ്ഥര്‍ തയാറാകാത്തതിനാല്‍ ഇത് മില്ലുകളില്‍ കെട്ടിക്കിടക്കുകയാണെന്നും ഇവര്‍ പറയുന്നു. ഇനി നെല്ല് എടുത്താല്‍ ശേഖരിച്ചുവെക്കാന്‍ സ്ഥലമില്ളെന്നും ഇവര്‍ പറയുന്നു. നേരത്തേ മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ധാരണയനുസരിച്ച് കമ്മിറ്റി രൂപവത്കരിച്ച് മൂന്നു മാസത്തിനുള്ളില്‍ മില്ലുകാരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍, രണ്ടുമാസം പിന്നിട്ടിട്ടും കമ്മിറ്റിപോലും രൂപവത്ക്കരിക്കുകയോ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കുകയോ ചെയ്തിട്ടില്ളെന്ന് കേരള റൈസ് മില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ നെല്ലു സംഭരിച്ച് സംസ്കരണം നടത്തിയതിന്‍െറ പണം സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ളെന്നും മില്ലുടമകള്‍ പറയുന്നു. എന്നാല്‍, കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് നിറം മാറ്റാന്‍ നിര്‍ദേശിച്ചതെന്ന് സപൈ്ളകോ അധികൃതരും പറയുന്നു. പഴയ സ്റ്റോക്ക് നല്‍കുന്നില്ളെന്ന് ഉറപ്പാക്കാനും തട്ടിപ്പുകള്‍ തടയാനുമാണ് നിര്‍ദേശമെന്ന് ഇവര്‍ പറയുന്നു. അതിനാല്‍ ഇതില്‍ വിട്ടുവീഴ്ച ചെയ്യനാകില്ളെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുകൂട്ടരും വാദങ്ങളില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ കര്‍ഷകര്‍ നെല്ലുമായി കാത്തിരിക്കുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കല്ലൂര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.