പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്തിന്‍െറ പണാപഹരണം: പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന്

ചങ്ങനാശ്ശേരി: പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്ത് ഓഫിസ് അക്കൗണ്ടന്‍റ് ആയിരിക്കെ രേഖകളില്‍ കൃത്രിമം കാണിച്ച് ആറു ലക്ഷത്തോളം രൂപ അപഹരിച്ചതായി ജമാഅത്ത് കമ്മിറ്റി കണ്ടുപിടിച്ച കേസിലെ പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ജമാഅത്ത് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജമാഅത്ത് ഓഡിറ്റര്‍മാര്‍ കണക്കിലെ ക്രമക്കേടുകള്‍ പരിശോധിച്ച് സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ജമാഅത്ത് ജീവനക്കാരിയായിരുന്ന ഫാത്തിമാപുരം കുന്നക്കാട് സ്വദേശിനിയായ 36 കാരിയെ പ്രതിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുമാസം മുമ്പ് ജമാഅത്ത് ഭാരവാഹികള്‍ ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയിന്‍മേല്‍ സമയബന്ധിതമായ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നതിനെ തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയെ നേരില്‍കണ്ടും പരാതി നല്‍കി. എസ്.പിയുടെ നിര്‍ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈ.എസ്.പിക്കും സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കും വീണ്ടും പരാതി നല്‍കിയെങ്കിലും പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി ചങ്ങനാശ്ശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് ചെയ്തത്. തൃപ്തികരമായ അന്വേഷണം നടത്തുകയോ പ്രതിയെ ചോദ്യം ചെയ്യുന്നതിനോ പൊലീസ് തയാറായില്ളെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇത് കാണിച്ച് മുഖ്യമന്ത്രിക്കും വഖഫ് മന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. പ്രതിക്ക് വേണ്ടി ഉന്നത കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദം കാരണം ലോക്കല്‍ പൊലീസിന് സ്വതന്ത്രമായി അന്വേഷണം നടത്തുന്നതിനോ പ്രതിയെ ചോദ്യം ചെയ്യുന്നതിനോ അറസ്റ്റ് ചെയ്യുന്നതിനോ കഴിയുന്നില്ളെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോട്ടയം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചിരുന്നു. പിന്നീട് ഹൈകോടതിയെ മുന്‍കൂര്‍ ജാമ്യത്തിനു സമീപിച്ചെങ്കിലും ഇവിടെയും ജാമ്യം നിഷേധിക്കപ്പെട്ടതായി പറയുന്നു. അറസ്റ്റ് ചെയ്യുന്നത് വൈകിപ്പിക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷയും കോടതി നിരാകരിച്ചു. വിദേശത്ത് ജോലി ചെയ്തു വരുന്ന ഭര്‍ത്താവിന്‍െറയും അടുത്ത ബന്ധുക്കളുടെയും അടുത്തേക്ക് പ്രതി കടക്കാന്‍ സാധ്യതയുള്ളതിനാല്‍ പാസ്പോര്‍ട്ട് തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുളള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്ത് അന്വേഷണം ഊര്‍ജിതമാക്കാത്ത പക്ഷം പുതൂര്‍പ്പള്ളി മുസ്ലിം ജമാഅത്ത് നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജമാഅത്ത് പ്രസിഡന്‍റ് പി.എസ്. മുഹമ്മദ് ബഷീര്‍, സെക്രട്ടറി കെ.എച്ച്. അബ്ദുല്‍ ലത്തീഫ്, ട്രഷറര്‍ പി.ബി. ജാനി, പി.എ. അബ്ദുല്‍ ഖാദര്‍, ഹിദായത്തുല്ലാഖാന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.