മുന്‍ഗണന പട്ടിക : ഭിന്നശേഷിക്കാരില്‍ അധികവും പുറത്ത്

തൃശൂര്‍: റേഷന്‍കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ ഭിന്നശേഷിക്കാരുടെ കുടുംബത്തെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു. നിലവില്‍ സംസ്ഥാനത്തെ 80 ശതമാനത്തോളം ഭിന്നശേഷിക്കാരും ബി.പി.എല്‍ പട്ടികയിലുണ്ട്. എന്നാല്‍ അധികപേരും മുന്‍ഗണന പട്ടികക്ക് പുറത്താണ്. സൗജന്യ അരിക്ക് പുറമെ ചികിത്സാസഹായവും ലഭ്യമാവുന്നതോടെ ഇത്തരക്കാര്‍ക്ക് ഏറെ ആശ്വാസകരമാവും. ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ എ.പി.എല്‍ സംസ്ഥാന സബ്സിഡി പട്ടികയിലുണ്ട്. ഇത്തരക്കാരില്‍ ചിലര്‍ക്ക് രണ്ടുരൂപക്ക് അരിയും ചികിത്സയും ഉറപ്പായിരുന്നു. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് അന്ത്യോദയ, മുന്‍ഗണന പട്ടിക വിഭാഗത്തിലുള്ളവര്‍ക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുന്നത്. ഇതുകൂടാതെ സംസ്ഥാന മുന്‍ഗണന പട്ടികയുമുണ്ട്. ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ചികിത്സ ആനുകൂല്യങ്ങളും ലഭിക്കും. ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായി നല്‍കിയ അപേക്ഷയില്‍ ഭിന്നശേഷിക്കാര്‍ക്ക് 10 മാര്‍ക്കാണ് അനുവദിച്ചിട്ടുള്ളത്. വീട്ടിലെ സാഹചര്യംകൂടി നോക്കിയാല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാനിടയാവുകയും അതുവഴി മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാനുമാവും. സര്‍ക്കാര്‍ ജോലിക്കാരെ ബി.പി.എല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഭിന്നശേഷിക്കാരില്‍ ജോലിക്ക് പോകാനാവാത്ത നിരവധിപേരുണ്ട്. ഇവരെ ഒഴിവാക്കിയതിലൂടെ ജീവിതമാര്‍ഗം തന്നെയാണ് അടഞ്ഞിരിക്കുന്നതെന്ന് ഡിഫറന്‍റ്ലി ഏബിള്‍ഡ് പേഴ്സന്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഭിന്നശേഷിക്കാരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി സംസ്ഥാനതലത്തില്‍ ധര്‍ണ നടത്തി. ജില്ലാകമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ സി.ഐ.ടി.യു സംസ്ഥാനകമ്മിറ്റിയംഗം പി.കെ. ഷാജന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്‍റ് ടി.എ. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പി.കെ.എസ്. ജില്ലാസെക്രട്ടറി പി.കെ. ശിവരാമന്‍, സി.പി.എം ഏരിയകമ്മിറ്റിയംഗം ബി.എല്‍. ബാബു, ഡി.എ.ഡബ്ള്യു.എഫ് സംസ്ഥാനകമ്മിറ്റിയംഗം കമല ജയപ്രകാശ്, ജില്ലാസെക്രട്ടറി കെ.കെ. ഷാജു, ജില്ലാട്രഷറര്‍ സി.ബി. ഷിബു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.