എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍ ശബരിമല ചീഫ് പൊലീസ് കോഓഡിനേറ്റര്‍

കോട്ടയം: ശബരിമല തീര്‍ഥാടനത്തിന്‍െറ സുരക്ഷാ ചുമതലയുള്ള ചീഫ് പൊലീസ് കോഓഡിനേറ്ററായി കേരള ആംഡ് ബറ്റാലിയന്‍ എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിനെ നിയമിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട മുഴുവന്‍ മേഖലകളിലെയും സുരക്ഷാക്രമീകരണങ്ങളുടെ പൂര്‍ണ ചുമതല ഇദ്ദേഹത്തിനായിരിക്കും. കഴിഞ്ഞവര്‍ഷം എ.ഡി.ജി.പി കെ. പത്മകുമാറായിരുന്നു കോഓഡിനേറ്റര്‍. തീര്‍ഥാടനത്തിന് മുന്നോടിയായി ഏര്‍പ്പെടുത്തുന്ന ഒരുക്കവും സുരക്ഷാക്രമീകരണങ്ങളും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ശബരിമലയിലും പമ്പയിലും എസ്.പിമാരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി കൂടുതല്‍ പൊലീസിനെ നിയമിക്കും. ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാവും. ഈമാസം 16നാണ് ശബരിമല നടതുറക്കുന്നത്. ശബരിമല തീര്‍ഥാടനത്തിന്‍െറ പ്രധാന കേന്ദ്രങ്ങളായ പത്തനംതിട്ട-കോട്ടയം-ഇടുക്കി ജില്ലകളിലും പൊലീസ് ഇത്തവണ കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുക. കോട്ടയത്ത് എരുമേലയിലും പത്തനംതിട്ടയില്‍ പന്തളത്തും ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനിലും കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ക്ക് നേരത്തേ ജില്ല ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു. ദേവസ്വം-തദ്ദേശ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലാണ് ഒരുക്കം പൂര്‍ത്തീകരിച്ചത്. കോട്ടയം റെയില്‍വേ സ്റ്റേഷന്‍-ഏറ്റുമാനൂര്‍-വൈക്കം-കോട്ടയം തിരുനക്കര ക്ഷേത്രങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. എല്ലായിടത്തും കൂടതല്‍ സേനയെ നിയോഗിക്കും. തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ഥാടകര്‍ കൂടുതലായി എത്തുന്ന കോട്ടയം-കുമളി ദേശീയപാതയില്‍ മുണ്ടക്കയം വരെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. വണ്ടിപ്പെരിയാര്‍-സത്രം-പുല്ലുമേട് എന്നിവിടങ്ങളില്‍ വന്‍പൊലീസ് സന്നാഹമാവും ഇത്തവണയുണ്ടാവുക. ദേശീയപാതയില്‍ പ്രത്യേക ആംബുലന്‍സ് സംവിധാനങ്ങളും ഒരുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.