സംസ്ഥാന കേരളോത്സവത്തിന് തിരുവല്ലയില്‍ ഇന്ന് തിരിതെളിയും

പത്തനംതിട്ട: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തിരുവല്ലയില്‍ ശനിയാഴ്ച തുടക്കം. ഉദ്ഘാടനവേദിയായ പബ്ളിക്ക് സ്റ്റേഡിയത്തില്‍ (ഒ.എന്‍.വി നഗര്‍) രാവിലെ 8.30ന് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അന്നപൂര്‍ണാദേവി പതാക ഉയര്‍ത്തും. ഒന്നിന് ഉച്ചക്ക് രണ്ടിന് എം.ജി.എം സ്കൂള്‍ ഗ്രൗണ്ടില്‍ (കലാഭവന്‍ മണി നഗര്‍) സാംസ്കാരിക ഘോഷയാത്ര ജില്ല പൊലീസ് മേധാവി ആര്‍. ഹരിശങ്കര്‍ ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം നാലിന് സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി. മൊയ്തീന്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ജാസി ഗിഫ്റ്റിന്‍െറ ഗാനമേള. മൂന്നിന് വൈകുന്നേരം അഞ്ചിന് സമാപനസമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു അധ്യക്ഷത വഹിക്കും. ആറ് വേദികളിലാണ് കലാസാഹിത്യ മത്സരങ്ങള്‍. തിരുവല്ല എം.ജി.എം സ്കൂള്‍ ഗ്രൗണ്ടിലെ മുഖ്യവേദിയായ കലാഭവന്‍ മണി നഗര്‍, എം.ജി.എം സ്കൂള്‍ ഓഡിറ്റോറിയം (വേദി 2- ജഗന്നാഥവര്‍മ നഗര്‍), സെന്‍റ് മേരീസ് സ്കൂള്‍ ഓഡിറ്റോറിയം (വേദി 3- മധു കൈതപ്രം നഗര്‍), ഡയറ്റ് ഹാള്‍ (വേദി 4- ഡോ. ബാലമുരളീകൃഷ്ണ നഗര്‍), മുനിസിപ്പല്‍ ഓപണ്‍ സ്റ്റേജ് (വേദി 5- എം.ജി. സോമന്‍ നഗര്‍), എം.ജി.എം സ്കൂള്‍ ക്ളാസ് റൂം (വേദി 6- അക്ബര്‍ കക്കട്ടില്‍ നഗര്‍) എന്നിവിടങ്ങള്‍ കലാമത്സരങ്ങള്‍ക്ക് വേദിയാകും. ശനിയാഴ്ച രാവിലെ ഒമ്പതിന് കലാമത്സരങ്ങള്‍ ആരംഭിക്കും. വേദി ഒന്നില്‍ തിരുവാതിര, സംഘനൃത്തം, നാടോടിപ്പാട് (ഗ്രൂപ്), നാടോടിനൃത്തം (ഗ്രൂപ്) മത്സരങ്ങള്‍ നടക്കും. വേദി രണ്ടില്‍ വൈകുന്നേരം അഞ്ചിന് ഹിന്ദി, ഇംഗ്ളീഷ് നാടകം തുടങ്ങും. വേദി മൂന്നില്‍ കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, കേരളനടനം മത്സരങ്ങള്‍ അരങ്ങേറും. വേദി നാലില്‍ വായ്പാട്ട് (ഹിന്ദുസ്ഥാനി), കര്‍ണാടകസംഗീതം, ലളിതഗാനം (വനിത), ലളിതഗാനം (പുരുഷന്മാര്‍), സംഘഗാനം, ദേശഭക്തിഗാനം മത്സരങ്ങളും വേദി അഞ്ചില്‍ കവിതാലാപനം, തബല, ഫ്ളൂട്ട്, മൃദംഗം, ഹാര്‍മോണിയം മത്സരങ്ങളും നടക്കും. വേദി ആറില്‍ ഉപന്യാസരചന, കഥരചന, കവിതരചന മത്സരങ്ങളും അരങ്ങേറും. കായികമത്സരങ്ങളില്‍ അത്ലറ്റിക്സ് രാവിലെ ഒമ്പതിന് തിരുവല്ല പബ്ളിക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും. ഷട്ടില്‍ ബാഡ്മിന്‍റണ്‍ രാവിലെ ഒമ്പതിന് തിരുവല്ല ട്രാവന്‍കൂര്‍ ക്ളബ്, ഫുട്ബാള്‍ മത്സരം രാവിലെ ഒമ്പതിന് കുറ്റപ്പുഴ മാര്‍ത്തോമ കോളജ് ഗ്രൗണ്ട്, ചെസ് രാവിലെ ഒമ്പതിന് കുറ്റപ്പുഴ മാര്‍ത്തോമ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും. യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, പബ്ളിസിറ്റി കണ്‍വീനര്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.