ഫ്ളക്സില്‍ മുങ്ങി നഗരം; യാത്രക്കാര്‍ വലയുന്നു

കോട്ടയം: കാല്‍നടക്കാരുടെ വഴിമുടക്കുന്ന വില്ലനായി നഗരത്തിലെങ്ങും വീണ്ടും ഫ്ളക്സ്. പ്രധാന ജങ്ഷനുകളിലും തിരക്കേറിയ മറ്റിടങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ കാരണം കാല്‍നട അസഹ്യമായിരിക്കുകയാണ്. ജില്ല ഭരണാധികാരികള്‍ പലതവണ ഉത്തരവിറക്കിയിട്ടും ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ബോര്‍ഡുകള്‍ റോഡരികില്‍ എവിടെയും കാണാം. നഗരത്തിലെ മിക്ക റോഡുകളിലും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തടസ്സമായി വലുതും ചെറുതുമായ ബോര്‍ഡുകള്‍ തൂങ്ങിനില്‍ക്കുന്ന കാഴ്ചയാണ്. ബേക്കര്‍ ജങ്ഷന്‍, കുമരകം റോഡ്, സെന്‍ട്രല്‍ ജങ്ഷന്‍, ടിബി റോഡ്, ശാസ്ത്രി റോഡ്, കെ.കെ റോഡ്, ലോഗോസ് ജങ്ഷന്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം ഫ്ളക്സ് ബോര്‍ഡുകള്‍ കാല്‍നടക്ക് തടസ്സം സൃഷ്ടിക്കുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഉള്‍പ്പെടെ പരസ്യ ബോര്‍ഡുകളാണ് യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഫുട്പാത്തിലൂടെ നടന്നുപോകുമ്പോള്‍ തലയിടിക്കുന്ന രീതിയില്‍ പലയിടത്തും ബോര്‍ഡുകളുണ്ട്. വഴിയാത്രക്കാര്‍ തല താഴ്ത്തിയില്ളെങ്കില്‍ അപകടം ഉറപ്പ്. മാസങ്ങള്‍ക്കുമുമ്പ് നടന്ന പരിപാടികളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ പോലും നീക്കം ചെയ്തിട്ടില്ല. രാത്രിയാണ് ബോര്‍ഡുകളില്‍ അധികവും സ്ഥാപിക്കുന്നത്. മറുവശത്തുകൂടി വരുന്ന വാഹനങ്ങള്‍ കാണാന്‍ വയ്യാത്ത രീതിയിലാണ് ചില ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. റോഡിലേക്ക് തള്ളിനില്‍ക്കുന്ന ബോര്‍ഡുകള്‍ ചിലയിടത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് അപകടക്കെണിയൊരുക്കുന്നുമുണ്ട്. അനധികൃതമായി സ്ഥാപിക്കുന്ന ഫ്ളക്സുകള്‍ മാറ്റാന്‍ ഉത്തരവാദിത്തമുള്ള ത്രിതലപഞ്ചായത്ത് അധികൃതരും ഉറക്കം നടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.