പൊന്‍കുന്നത്തുനിന്ന് തലസ്ഥാനത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടത്തോടെ നിലച്ചു

പൊന്‍കുന്നം: കെ.എസ്.ആര്‍.ടി.സി പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുന്ന നാല് ബസില്‍ മൂന്നെണ്ണവും നിര്‍ത്തലാക്കി. ഇതുമൂലം വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്തേക്ക് പോകുന്ന യാത്രക്കാര്‍ ദുരിതത്തിലായി. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. ഈ മാസം ആദ്യവാരമാണ് ഇവയുടെ പെര്‍മിറ്റ് അവസാനിച്ചത്. ഇവക്കു പകരം കോര്‍പറേഷന്‍ പുതിയ ബസുകള്‍ അനുവദിക്കാതിരിക്കുകയും ഡിപ്പോയിലുണ്ടായിരുന്ന രണ്ട് ഫാസ്റ്റ് പാസഞ്ചര്‍ ബസ് ശബരിമല സ്പെഷല്‍ ഡ്യൂട്ടിക്കു കൊണ്ടുപോകുകയും ചെയ്തതും സര്‍വിസ് നിലക്കാന്‍ കാരണമായി. ഇതിനു പുറമെ സ്പെയര്‍ ഫാസ്റ്റ് പാസഞ്ചര്‍ ബസിന്‍െറ പെര്‍മിറ്റ് കാലാവധിയും അവസാനിച്ചു. ആര്‍.എന്‍.സി 816, ആര്‍.എന്‍.സി 847, ആര്‍.എന്‍.സി 855, ആര്‍.എന്‍.ഇ 825 എന്നീ ബസുകളുടെ പെര്‍മിറ്റുകളാണ് അവസാനിച്ചത്. രാവിലെ ആറിന്‍െറ കളിയാക്കാവിള, 6.05ന്‍െറ തിരുവനന്തപുരം, 7.10 ന്‍െറ മുണ്ടക്കയത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ഫാസ്റ്റ് എന്നിവയാണ് ആഴ്ചകളായി മുടങ്ങിയിരിക്കുന്നത്. പൊന്‍കുന്നം ഡിപ്പോയില്‍നിന്ന് ഉച്ചക്ക് ഒന്നിന് പാണത്തൂര്‍ക്ക് സൂപ്പര്‍ ഫാസ്റ്റ് ബസ് സര്‍വിസ് നടത്തുന്നുണ്ട്. വെള്ളിയാഴ്ച ഈ ബസാണ് 7.10നുള്ള തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തിയത്. പുലര്‍ച്ചെ 4.50ന് പൊന്‍കുന്നത്തുനിന്ന് തിരുവനന്തപുരം വഴി നെയ്യാറ്റിന്‍കരക്ക് പോകുന്ന ബസ് മാത്രമാണ് തലസ്ഥാനത്തേക്കുള്ള യാത്രക്കാരുടെ ഏക ആശ്രയം. ഈ ബസിന്‍െറ കേടുപാടുകള്‍ മൂലം പലപ്പോഴും തിരുവനന്തപുരത്ത് സര്‍വിസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.