തീര്‍ഥാടകര്‍ക്കൊപ്പം കാല്‍നടയില്‍ നായും

കാഞ്ഞിരപ്പള്ളി: ശബരിമല തീര്‍ഥാടകര്‍ക്കൊപ്പം കാല്‍നടയില്‍ പങ്കാളിയാകുന്ന നായ് ശരണവഴിയിലെ വേറിട്ട കാഴ്ചയായി. മൂകാംബിയില്‍നിന്ന് കാല്‍നടയായി പുറപ്പെട്ട നവീന്‍ സ്വാമിക്കൊപ്പമാണ് നായുടെ യാത്ര. മംഗലാപുരത്തുനിന്നാണ് നായ് ഇവര്‍ക്കൊപ്പം ചേര്‍ന്നത്. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും സ്നേഹത്തോടെ ഒപ്പം കൂടിയതാണ് പെണ്‍നായ്. 22 വര്‍ഷമായി ശബരിമലക്ക് വരുന്ന നവീന്‍ സ്വാമി കഴിഞ്ഞ അഞ്ചു വര്‍ഷമായി നടന്നാണ് വരുന്നത്. ഈ വര്‍ഷം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍നിന്ന് കെട്ടുനിറച്ചാണ് പുറപ്പെട്ടത്. സംഘാംഗങ്ങള്‍ പലയിടത്തുനിന്ന് ഒപ്പം ചേര്‍ന്നവരാണ്. ഇവരോടും നായ് ഇണക്കത്തോടെയാണ് ഇടപെടുന്നത്. കോഴിക്കോട് ബേപ്പൂര്‍ അരകിണര്‍നിന്നും പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്നും രാജന്‍, രാകേഷ്, ശശി എന്നിവര്‍ കൂടെ ചേര്‍ന്നു. ഊട്ടി ഗൂഡല്ലൂരില്‍നിന്ന് കന്നിസ്വാമിയായ ഉണ്ണികൃഷ്ണനും ഒപ്പം കൂടി. കീഴില്ലം മഹാദേവക്ഷേത്രത്തിലെ ഭക്തജനങ്ങള്‍ നായ്ക്ക് സ്വീകരണം നല്‍കി മാല അണിയിച്ചു. തുടര്‍ന്ന് മാളു എന്നു പേരും നല്‍കി. കോഴിക്കോട് പാറപ്പുറം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, താനൂര്‍ ഓല പിടിക പൂരപ്പറമ്പ് ദേവീക്ഷേത്രം, മൂവാറ്റുപുഴ വെള്ളൂര്‍കോണം മഹാശിവക്ഷേത്രം, കൂടല്‍മാണിക്യം ശിവക്ഷേത്രം, തൃപ്രയാര്‍ സേവാഭാരതി, കാലടി ശ്രീകൃഷ്ണ ക്ഷേത്രം, കാഞ്ഞിരപ്പള്ളി ശ്രീഗണപതിയാര്‍കോവില്‍ എന്നിവിടങ്ങളിലും സ്വീകരണം നല്‍കി. അയ്യപ്പഭക്തരെ പുലര്‍ച്ചെ മൂന്നാകുമ്പോള്‍ മുതല്‍ ഇവള്‍ കുരച്ചുകൊണ്ട് വിളിച്ചുണര്‍ത്തും. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് നായെ കടത്തിവിടുമോയെന്ന് ആശങ്കയിലാണ് സ്വാമിമാര്‍. തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ മാളു വന്നാല്‍ നാട്ടില്‍ കൊണ്ടുപോകാനാണ് സ്വാമിമാരുടെ ഉദ്ദേശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.