ഓരുവെള്ള ഭീഷണി: അപ്പര്‍ കുട്ടനാട്ടില്‍ കര്‍ഷകര്‍ ആശങ്കയില്‍

വൈക്കം: അപ്പര്‍ കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ഓരുവെള്ള ഭീഷണി വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തിലായി. ഇടത്തോടുകളില്‍ ഓരുമുട്ടുകള്‍ ഇടാന്‍ വൈകുന്നതാണ് ഓരുവെള്ളം പാടശേഖരങ്ങളിലും മറ്റും കയറാന്‍ ഇടയാകുന്നത്. തണ്ണീര്‍മുക്കം ബണ്ട്, കരിയാര്‍ സ്പില്‍വേ എന്നിവിടങ്ങളില്‍ ഷട്ടര്‍ എന്ന് ഇടും എന്ന വ്യക്തമായ ധാരണയില്ലാത്തതാണ് കര്‍ഷകരെ വലക്കുന്നത്. നവംബര്‍ പത്തിന് മുമ്പ് ഓരുമുട്ട് നിര്‍മിക്കേണ്ടതാണ്, അതുപോലെ ബണ്ടുകളുടെ ഷട്ടറുകളും താഴ്ത്തേണ്ടതാണ്. ഇടത്തോടുകളില്‍ താല്‍ക്കാലികമായി തെങ്ങിന്‍കുറ്റികളടിച്ച് പൂഴി ഇട്ട് ഉറപ്പിച്ച മുട്ടുകളാണ് നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. ഇത് അപ്രായോഗികമാണെന്ന കര്‍ഷകരുടെ പരാതികള്‍ ഉത്തരവാദപ്പെട്ടവര്‍ ചെവിക്കൊള്ളുന്നില്ല. കായല്‍ ജലത്തില്‍ ഉപ്പിന്‍െറ അംശം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഒരുമാസം മുമ്പ് വിതകഴിഞ്ഞ പാടശേഖരവും ഈ ഭാഗങ്ങളിലുണ്ട്. ഉദയനാപുരം, ടി.വി പുരം, ചെമ്പ്, വെച്ചൂര്‍, തലയാഴം, എന്നീ പഞ്ചായത്തുകളിലെ കരഭൂമികളില്‍ കപ്പ, വാഴ, ജാതി, മുതലായ കൃഷിചെയ്യുന്ന സമയമാണിത്. ടി.വി പുരം പഞ്ചായത്തുകളില്‍ കോട്ടച്ചിറ, ഇടിപിടിത്തറ, അപ്പക്കല്‍, മറ്റപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ ചെറുതും വലുതുമായ എട്ടോളം ഓരുമുട്ടുകള്‍ ഇടത്തോടുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, സ്പില്‍വേ വഴി കടന്നുവരുന്ന ഉപ്പുകലര്‍ന്ന വെള്ളം എത്തുന്നതുമൂലം കര്‍ഷകര്‍ക്ക് വിളവിന്‍െറ വളര്‍ച്ചയില്‍ ആശങ്കയുണ്ട്. തോട്ടുവക്കം കെ.വി കനാല്‍, വാഴമന, മുട്ടുങ്കല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഓരുമുട്ടുകള്‍ സ്ഥാപിക്കണം. കായലും ഇടത്തോടുകളുമായി ചേരുന്ന ഭാഗങ്ങളിലാണ് മുട്ടുകള്‍ സ്ഥാപിക്കേണ്ടത്. എന്നാല്‍, ഓരുമുട്ടുകള്‍ ഇടാന്‍ വൈകുംതോറും കര്‍ഷകര്‍ പാടത്തും പുഴയോരത്തും വീട്ടുവളപ്പിലും ചെയ്യുന്ന കൃഷികള്‍ നാശത്തിന്‍െറ വക്കിലാണ്. തോടുകളില്‍ കുളിക്കാനും വസ്ത്രം അലക്കാനും ഈ ജലമാണ് ഉപയോഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.