ദക്ഷിണേന്ത്യ അന്തര്‍സര്‍വകലാശാല വോളിബാള്‍ ക്വാര്‍ട്ടര്‍ ഇന്ന്

കോട്ടയം: ദക്ഷിണേന്ത്യാഅന്തര്‍സര്‍വകലാശാല വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ മൂന്നാം ദിവസം പ്രീക്വാര്‍ട്ടര്‍ ഫൈനല്‍സ് ഉള്‍പ്പെടെ അഞ്ചു റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. കേരളത്തില്‍നിന്ന് എം.ജി യൂനിവേഴ്സിറ്റിയും കേരള യൂനിവേഴ്സിറ്റിയും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടി. തമിഴ്നാട് അണ്ണ യൂനിവേഴ്സിറ്റിയോട് പരാജയപ്പെട്ട കാലടി ശ്രീശങ്കരാചാര്യ യൂനിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തിങ്കളാഴ്ച രാവിലെ പാലാ സെന്‍റ് തോമസ് കോളജിലെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടക്കും. കഴിഞ്ഞ വര്‍ഷത്തെ ദക്ഷിണേന്ത്യാ മത്സരത്തിലെ ആദ്യ നാലു സ്ഥാനക്കാര്‍ നേരിട്ട് ക്വാര്‍ട്ടറില്‍ ഇടം നേടിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള കോഴിക്കോട് യൂനിവേഴ്സിറ്റിയും മുന്‍വര്‍ഷങ്ങളിലെ ദേശീയ ജേതാക്കളായ ചെന്നൈ എസ്.ആര്‍.എം യൂനിവേഴ്സിറ്റിയും മദ്രാസ് യൂനിവേഴ്സിറ്റിയും ചെന്നൈ സത്യഭാമ യൂനിവേഴ്സിറ്റിയുമാണ് നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ ജേതാക്കളെ കണ്ടത്തൊനുള്ള റൗണ്ട് റോബിന്‍ ലീഗ് മത്സരങ്ങള്‍ ഉച്ചക്ക് ശേഷം ആരംഭിക്കും. ക്വാര്‍ട്ടര്‍ ജയിച്ച ഓരോ ടീമും മറ്റു മൂന്നു ടീമുകളുമായി ഈ ഘട്ടത്തില്‍ ഏറ്റുമുട്ടും. ചൊവ്വാഴ്ച വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി എം.എം. മണി മുഖ്യാതിഥിയായിരിക്കും.പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ എം.ജി യൂനിവേഴ്സിറ്റി അളഗപ്പ യൂനിവേഴ്സിറ്റിയെയും കേരള യൂനിവേഴ്സിറ്റി അണ്ണാമലൈ യൂനിവേഴ്സിറ്റിയെയും ആന്ധ്ര യൂനിവേഴ്സിറ്റി ഭാരതീയാര്‍ യൂനിവേഴ്സിറ്റിയെയും മംഗലാപുരം യൂനിവേഴ്സിറ്റി അണ്ണ യൂനിവേഴ്സിറ്റിയെയും നേരിടും. ഈമാസം എട്ടു മുതല്‍ 12വരെ നടക്കുന്ന അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല മത്സരത്തില്‍ ദക്ഷിണേന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ടീമുകള്‍ ഏതൊക്കെയെന്ന് തിങ്കളാഴ്ചയോടെ അറിയാനാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.