ജില്ലയില്‍ ശമ്പള-പെന്‍ഷന്‍ വിതരണം താളംതെറ്റി

കോട്ടയം: 1000,500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനുശേഷമുള്ള ആദ്യ ശമ്പള, പെന്‍ഷന്‍ വിതരണദിനത്തില്‍ പണംവാങ്ങാനത്തെിയവര്‍ക്ക് ദുരിതം. ട്രഷറികളില്‍ ആവശ്യത്തിന് പണം ഇല്ലാത്തതിനെതുടര്‍ന്ന് ജില്ലയിലെ ശമ്പള, പെന്‍ഷന്‍ വിതരണം താറുമാറായി. പണത്തിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും രാവിലെ മുതല്‍ നെട്ടോട്ടത്തിലായിരുന്നു. പെന്‍ഷന്‍കാര്‍ രാവിലെ മുതല്‍ ട്രഷറികള്‍ക്ക് മുന്നില്‍ ക്യൂവില്‍ ഇടംപിടിച്ചിരുന്നു. പെന്‍ഷന്‍ വാങ്ങാനത്തെിയ വയോധികരാണ് കൂടുതല്‍ വലഞ്ഞത്. പലര്‍ക്കും മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നു. ഒന്നര കോടിയോളം രൂപ ആവശ്യമുള്ള കോട്ടയം സബ്ട്രഷറിക്ക് വ്യാഴാഴ്ച രാവിലെ എസ്.ബി.ടി കൈമാറിയത് 30ലക്ഷം രൂപമാത്രമായിരുന്നു. ഇതോടെ പരമാവധി 24,000 രൂപ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാമെന്നിരിക്കെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ പണം ലഭ്യമായില്ല. ഇതേതുടര്‍ന്ന് ആദ്യം 5000രൂപ വീതവും പിന്നീട് 16,000 വീതവും നലകി. ഉച്ചകഴിഞ്ഞതോടെ ഒരുകോടി അഞ്ചുലക്ഷം രൂപ ലഭിച്ചു. അതോടെ 24,000 രൂപ വരെ ആവശ്യക്കാര്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. എന്നാല്‍, പലരും നേരത്തേ പണം വാങ്ങിയതിനാല്‍ പലര്‍ക്കും ആവശ്യപ്പെട്ടതിന്‍െറ പകുതിമാത്രമാണ് ലഭിച്ചത്. വൈകീട്ട് ആറുവരെ തിരക്കില്‍ തന്നെയായിരുന്നു ട്രഷറികളുടെ പ്രവര്‍ത്തനം. പണം കിട്ടുമോയെന്ന ആശങ്കയില്‍ പെന്‍ഷന്‍കാര്‍ രാവിലെ മുതല്‍ ട്രഷറികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ ബാങ്കുകള്‍ക്ക് മുന്നിലും ക്യൂവില്‍ ഇടംപിടിച്ചതും അധികൃതരുടെ കണക്കുകൂട്ടലുകളും തെറ്റിച്ചു. എരുമേലി സബ്ട്രഷറിയിലേക്ക് വെറും നാലുലക്ഷം രൂപയാണ് ബാങ്കില്‍നിന്ന് നല്‍കിയത്. ഇത് ഒന്നിനും തികഞ്ഞില്ല. പള്ളിക്കത്തോട് സബ്ട്രഷറിയില്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ ലഭിച്ചത് മൂന്നുലക്ഷവുമാണ്. ഇവിടങ്ങളിലെല്ലാം പണം പിന്‍വലിക്കാന്‍ എത്തിയവര്‍ നിരാശരായി മടങ്ങി. മുണ്ടക്കയത്ത് 60 ലക്ഷം രൂപയെങ്കിലും അനുവദിക്കണമെന്നായിരുന്നു സബ്ട്രഷറിയില്‍ നിന്നാവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് കൈമാറിയത് നാലുലക്ഷം. ഏറ്റുമാനൂരില്‍ രാവിലെ പണത്തിനുവേണ്ടി സബ്ട്രഷറിയില്‍ ബഹളം ഉണ്ടായി. ആദ്യം 30 ലക്ഷമാണ് ബാങ്കില്‍നിന്ന് നല്‍കിയത്. ഇത് തീര്‍ന്നതോടെ വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും ബാങ്കില്‍നിന്ന് ലഭിച്ചില്ല. പിന്നീട് വൈകി 30 ലക്ഷം രൂപ കൂടി ലഭിച്ചപ്പോഴേക്കും ട്രഷറിയില്‍നിന്ന് ആള്‍ക്കാര്‍ പിരിഞ്ഞിരുന്നു. കറുകച്ചാലില്‍ 70 ലക്ഷം രൂപയാണ് ലഭിച്ചത്. രണ്ടുഘട്ടമായാണ് ഇത് ലഭിച്ചത്. പാമ്പാടിയില്‍ 50 ലക്ഷം രൂപയാണ് ബാങ്കില്‍ ആവശ്യപ്പെട്ടത്. ലഭിച്ചത് 20 ലക്ഷം. ഈരാറ്റുപേട്ടയില്‍ ആകെ 35 ലക്ഷം രൂപയാണ് ലഭിച്ചത്. വൈക്കത്ത് ഒരുകോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. പലഘട്ടങ്ങളിലായി 60 ലക്ഷം രൂപ ലഭിച്ചു. ഒരു ട്രഷറിയിലും ആവശ്യത്തിന് പണം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് കഴിഞ്ഞില്ല. പണം കിട്ടാത്തവര്‍ ചെക്ക് സമര്‍പ്പിച്ച് ടോക്കണ്‍ വാങ്ങി മടങ്ങിയിരിക്കുകയാണ്. കോട്ടയം കലക്ടറേറ്റിലെ ജില്ല ട്രഷറിക്ക് മുന്നിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടെ വിവിധ ജീവനക്കാരുടെ സംഘടനകള്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. അതേസമയം, ബാങ്കുകളില്‍നിന്ന് ജീവനക്കാര്‍ക്ക് പണം ലഭിച്ചില്ല. പലര്‍ക്കും ആവശ്യപ്പെട്ടതിന്‍െറ പകുതി തുകയാണ് നല്‍കിയത്. വിമുക്ത ഭടന്മാര്‍ അടക്കമുള്ള പെന്‍ഷന്‍കാര്‍ക്കും നിശ്ചയിച്ച പരിധിയില്‍ പണം നല്‍കാന്‍ ബാങ്കുകള്‍ തയാറായില്ല. വിമുക്തഭടന്മാര്‍ക്ക് 5000രൂപയാണ് മിക്ക ബാങ്കുകളും നല്‍കിയത്. ചങ്ങനാശ്ശേരി: ട്രഷറിയില്‍ പെന്‍ഷന്‍ വിതരണം അവതാളത്തിലായി. ട്രഷറിയില്‍ മാത്രം 96 ലക്ഷത്തിനു മുകളില്‍ രൂപയാണ് പെന്‍ഷന്‍ നല്‍കുന്നതിനായി ആവശ്യമുള്ളത്. ഇതിനായി ബാങ്കില്‍ ആവശ്യമുള്ളത്രയും തുകയുടെ ട്രഷറി ചെക്ക് നല്‍കിയെങ്കിലും 10 ലക്ഷം രൂപമാത്രമാണ് വ്യാഴാഴ്ച രാവിലെ ബാങ്കില്‍നിന്ന് നല്‍കിയത്. ഉച്ചക്ക് ശേഷം 10 ലക്ഷവും ബാക്കി തുക വൈകുന്നേരവും ലഭിച്ചു. ബാക്കി തുകയായ 86 ലക്ഷം കൂടി കിട്ടിയതിനാല്‍ എല്ലാവര്‍ക്കും തുടര്‍ദിവസങ്ങളില്‍ പെന്‍ഷന്‍ കൊടുക്കാന്‍ സാധിക്കുമെന്ന് സബ്ട്രഷറി ഓഫിസര്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പൊന്‍കുന്നം സബ്ട്രഷറിയുടെ പ്രവര്‍ത്തനം തടസ്സങ്ങളില്ലാതെ നടന്നു പൊന്‍കുന്നം: പൊന്‍കുന്നം സബ്ട്രഷറിയുടെ പ്രവര്‍ത്തനങ്ങള്‍ വലിയ തടസ്സങ്ങളില്ലാതെ നടന്നു. 87 ലക്ഷം രൂപ വേണ്ടിടത്ത് ഏഴുലക്ഷം രൂപ മാത്രമാണ് എസ്.ബി.ടി മുഖേന ഇവിടെ അനുവദിച്ചു കിട്ടിയത്. ആദ്യമണിക്കൂറുകളില്‍ 2000 രൂപ വീതം നല്‍കി. പിന്നീട് ഒൗദ്യോഗിക അറിയിപ്പിനത്തെുടര്‍ന്നു 24,000 രൂപ വീതം നല്‍കി. സാധാരണഗതിയില്‍ മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് പണമടക്കാന്‍ വരുന്നതിന് ചെലാന്‍ നമ്പര്‍ ഇട്ടു നല്‍കുകയും ഈ പണം എസ്.ബി.ടിയില്‍ അടക്കുകയുമായിരുന്നു. എന്നാല്‍, ഇതിനു വിപരീതമായി വ്യാഴാഴ്ച ആര്‍.ടി ഓഫിസില്‍നിന്നത്തെിയ ചെലാനുകളുടെ പണം ട്രഷറിയില്‍ തന്നെ അടപ്പിക്കുകയായിരുന്നു. ഇതുവഴി ആറു ലക്ഷത്തില്‍പരം രൂപ നാലു മണിക്കുള്ളില്‍ തന്നെ എത്തുകയുണ്ടായി. സ്വകാര്യ വ്യക്തികളും വിവിധ സ്ഥാപനങ്ങളും പലവിധ ആവശ്യങ്ങള്‍ക്കായി പരമാവധി 10,000 വരെയുള്ള തുകകള്‍ ചെലാനായി അടക്കുകയുണ്ടായി. ഈ പണം ഉപയോഗിച്ചാണ് തടസ്സം കൂടാതെ ട്രഷറിയുടെ പ്രവര്‍ത്തനം നടന്നത്. കറുകച്ചാല്‍: കറുകച്ചാല്‍ സബ്ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങാനത്തെിയവര്‍ക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായില്ല.സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് 24,000 രൂപ വീതം വിതരണം നടത്തിയതായി ട്രഷറി ഓഫിസര്‍ അറിയിച്ചു. രാവിലെ പത്തിന് തന്നെ കറുകച്ചാല്‍ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍നിന്ന് 50 ലക്ഷവും ഉച്ചകഴിഞ്ഞ് 20 ലക്ഷവും പിന്‍വലിച്ചു. പെന്‍ഷന്‍ വിതരണത്തിനായി ബാങ്കില്‍നിന്ന് 40 ലക്ഷം രൂപയുടെ രണ്ടായിരം രൂപ നോട്ടുകളും ബാക്കി 30 ലക്ഷത്തിന് 100, 50, 20, 10 രൂപ നോട്ടുകളുമാണ് ലഭിച്ചത്. ട്രഷറിയില്‍ ഉണ്ടായിരുന്ന ഏഴ് ലക്ഷം രൂപ ഉള്‍പ്പെടെ 77 ലക്ഷം രൂപയുടെ വിതരണമാണ് വ്യാഴാഴ്ച നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.