കൊട്ടാരക്കര: അപകടാവസ്ഥയിലായ ഏനാത്ത് പാലത്തിെൻറ റബർ ബെയറിങ്ങുകൾ മാറ്റിത്തുടങ്ങി. വടക്കേ അതിർത്തിയിൽ ഏനാത്ത് ഭാഗത്തെ കരയോട് ചേർന്ന തൂണുകളുടെ ബെയറിങ്ങുകളാണ് മാറ്റിസ്ഥാപിച്ചത്. പ്രത്യേകം തയാറാക്കിയ ഇരുമ്പുചട്ടക്കൂട്ടിൽ ബലമേറിയ തടികൾ നിരത്തി അതിനു മുകളിൽ ബീമുകൾക്കിടയിലും വശങ്ങളിലും ജാക്കി സ്ഥാപിച്ച് അഞ്ചിഞ്ചോളമാണ് പാലം ഉയർത്തിയത്. അടുത്ത ദിവസങ്ങളിൽ മറ്റ് തൂണുകൾ നീക്കി പുതിയത് സ്ഥാപിക്കും. 30 ബെയറിങ്ങുകളാണ് മാറ്റി സ്ഥാപിക്കുന്നത്. തിരക്കേറിയ പാലങ്ങളിലെ ബെയറിങ്ങുകൾ സ്ഥാപിച്ച് 10 വർഷം കഴിഞ്ഞാൽ പരിശോധന നടത്തി ആവശ്യമെങ്കിൽ മാറ്റി സ്ഥാപിക്കേണ്ടതാണ്. എന്നാൽ, ഏനാത്ത് പാലത്തിൽ നിർമാണം കഴിഞ്ഞ് ഇത്തരം അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല. അപകടാവസ്ഥയിലായ തൂണുകളുടെ ഭാഗത്തെ ബെയറിങ്ങുകൾ പൊട്ടിയടർന്ന് പുറത്തേക്കു തള്ളിയ നിലയിലായിരുന്നു. മണലൂറ്റലിനൊപ്പം പാലം ബലക്ഷയത്തിലാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. അപകടാവസ്ഥയിലായ തൂണുകൾ മാറ്റി സ്ഥാപിക്കുന്നതിനുള്ള ജോലികളും പുരോഗമിക്കുകയാണ്. താൽക്കാലിക തൂണുകളുടെ നിർമാണം അന്തിമഘട്ടത്തിലെത്തിയിരിക്കുന്നു. പാലം ഉയർത്താനുള്ള സജ്ജീകരണങ്ങളെല്ലാം പൂർത്തിയായതായി നിർമാണ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു. കൂറ്റൻ െക്രയിനുകളുടെ സഹായത്തിലാണ് നിർമാണം നടക്കുന്നത്. ഏനാത്ത് പാലത്തിന് സമാന്തരമായി നിർമിച്ച ബെയ്ലി പാലത്തിൽ നിശ്ചിത ഇടവേളകളിൽ സൈനിക ഉദ്യോഗസ്ഥരെത്തി ബലപരിശോധനകളും ആവശ്യമായ അറ്റകുറ്റപ്പണികളും നടത്തുന്നുണ്ട്. പാലത്തിെൻറ ഏനാത്ത് ഭാഗത്തെ കരയിൽ മണ്ണ് ഒലിച്ചുപോകുന്നത് തടയാൻ അബട്ട്മെൻറിെൻറ ചുറ്റും പാറയടുക്കുന്ന ജോലി കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.