നോട്ട് പിന്‍വലിക്കല്‍: കര്‍ഷക കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

പത്തനാപുരം: നോട്ട് പിന്‍വലിച്ചതിനത്തെുടര്‍ന്ന് മലയോരമേഖലയിലെ കര്‍ഷക കുടുംബങ്ങള്‍ കടുത്ത പ്രതിസന്ധിയിലേക്ക്. തോട്ടം മേഖലയിലെ റബര്‍ കര്‍ഷകരാണ് ഏറെ ദുരിതത്തിലായത്. റബര്‍ ഷീറ്റുകള്‍ വാങ്ങാന്‍ ഇടനിലക്കാരോ വ്യാപാരികളോ തയാറാകുന്നില്ല. കാലാവസ്ഥ അനുകൂലമായ സാഹചര്യത്തില്‍ രണ്ട് മാസമായി ടാപ്പിങ് നടക്കുന്നുണ്ട്. എന്നാല്‍, റബര്‍ ഷീറ്റുകള്‍ കര്‍ഷകരില്‍ നിന്ന് ഏറ്റെടുക്കാന്‍ വ്യാപാരികള്‍ സന്നദ്ധമല്ല. പണം നല്‍കാനില്ലാത്തതാണ് പ്രധാനകാരണം. ഇതിനിടെ മൊത്തവ്യാപാരികളില്‍നിന്ന് ഷീറ്റുകള്‍ കമ്പനികള്‍ വാങ്ങാനും മടിക്കുകയാണ്. മിക്കവരും ഷീറ്റുകള്‍ വാങ്ങി ബില്‍ നല്‍കുകയാണ്. ആഴ്ചകള്‍ക്കുശേഷം പണം തരാമെന്ന വ്യവസ്ഥയിലാണ് ചുരുക്കം വ്യാപാരികള്‍ ഷീറ്റുകള്‍ വാങ്ങുന്നത്. ഗോഡൗണുകളിലും ഇടനിലക്കാരിലും ടണ്‍ കണക്കിന് ഷീറ്റുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. പല സ്ഥലങ്ങളിലും ഗോഡൗണില്‍ കിടന്ന് ഷീറ്റ് നശിക്കുന്നുണ്ട്. ഇതും കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തിരിച്ചടിയാകും. ഇതിനിടെ ഷീറ്റിന് വില ദിനംപ്രതി വര്‍ധിക്കുകയാണ്. ലാറ്റെക്സിന്‍െറ കാര്യവും വ്യത്യസ്തമല്ല. പലരും ടാപ്പിങ് നിര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ആഴ്ചയില്‍ മൂന്ന് ദിവസത്തോളം കടകള്‍ അടച്ചിടുകയാണ് വ്യാപാരികള്‍. ഒരുദിവസം എണ്ണായിരം രൂപ മാത്രമാണ് വ്യാപാരികള്‍ക്ക് ബാങ്കില്‍ നിന്ന് ലഭിക്കുന്നത്. പത്തനാപുരം, കുന്നിക്കോട് തുടങ്ങിയ സ്ഥലങ്ങളിലെ കടകളില്‍ ദിവസേന ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. അപ്രതീക്ഷിതമായ നോട്ട് പിന്‍വലിക്കല്‍ കാരണം ആവശ്യാനുസരണം ചെക്കുകള്‍ പോലും വാങ്ങാന്‍ വ്യാപാരികള്‍ക്ക് കഴിഞ്ഞില്ല. മാസാവസാനമായിട്ടും നോട്ട്പ്രതിസന്ധി മാറാത്തതിനാല്‍ റബര്‍കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി വരെ നഷ്ടമാകുന്ന സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.