പ്രതിക്ക് ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും

കൊല്ലം: നീണ്ടകര സ്റ്റീഫന്‍ ലാന്‍ഡില്‍, ജോസഫിന്‍െറ മകന്‍ സിജോ (27) കൊല്ലപ്പെട്ട കേസില്‍ നീണ്ടകര തറയില്‍ വീട്ടില്‍ മോഹനന് (40) ജീവപര്യന്തം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴത്തുകയില്‍ ഒരു ലക്ഷം വീതം മരണപ്പെട്ട സിജോയുടെ പിതാവ് ജോസഫിനും മാതാവ് സ്റ്റെല്ലക്കും നഷ്ടപരിഹാരമായി നല്‍കാനും കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എഫ്. അഷീദ വിധിച്ചു. പിഴ ഒടുക്കുന്നതിന് വീഴ്ച വരുത്തിയാല്‍ ആറുവര്‍ഷം കൂടി കഠിന തടവ് അനുഭവിക്കേണ്ടി വരുമെന്നും വിധിന്യായത്തില്‍ പറയുന്നു. 2001 ഡിസംബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. അന്നു രാത്രി എട്ടോടെ പ്രതിയെ കേസിലെ ഒന്നാംസാക്ഷി തോമസും സിജോയും ചേര്‍ന്ന് അസഭ്യം പറഞ്ഞതിലുള്ള വിരോധം നിമിത്തം കത്രിക ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മാരകമായി മുറിവേറ്റ സിജോ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ ഗവ. പ്ളീഡറും പബ്ളിക് പ്രോസിക്യൂട്ടറുമായ അഡ്വ. കൊട്ടിയം എന്‍. അജിത് കുമാര്‍, അഭിഭാഷകരായ ചാത്തന്നൂര്‍ എന്‍. ജയചന്ദ്രന്‍, പി. ശരണ്യ, സൂര്യപ്രഭ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.