തൊടുപുഴ: മുട്ടം ജില്ല ജയിലില്‍ പാലിൻെറ ലഭ്യത ഉറപ്പാക്കാന്‍ മീരയെന്ന പശുവിനെയും അഭിമന്യു എന്ന കിടാവിനെയും സമ്മാനിച്ച് പി.ജെ. ജോസഫ് എം.എല്‍.എയുടെ കാരുണ്യം. ജയിലിലാരംഭിച്ച പശുവളർത്തൽ യൂനിറ്റിൻെറ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് ക്രിസ്മസ് സമ്മാനമായി എം.എൽ.എ തൻെറ ഫാമിലെ പശുവിനെയും കിടാവിനെയും സമ്മാനിച്ചത്. മാസങ്ങൾക്ക് മുമ്പ് ജയിൽ ദിനാഘോഷത്തിൻെറ ഭാഗമായി എത്തിയ പി.ജെ. ജോസഫ് ജയിലിലേക്ക് പശുവിനെ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ജയിലിലുള്ള പ്രതികൾക്ക് പശുവളർത്തലിലും കറവയിലും പരിശീലനം നൽകാനും പുറത്തിറങ്ങുേമ്പാൾ സ്വയംതൊഴിൽ ചെയ്ത് ജീവിക്കാനും ഇവരെ പ്രാപ്തരാക്കാനുമായിരുന്നു ലക്ഷ്യം. തുടർന്നാണ് ഞായറാഴ്ച ജയിലിലെത്തി ഇവയെ കൈമാറിയത്. 20 ലിറ്റർ വരെ പാൽ ലഭിക്കുന്ന പശുവാണ് മീരയെന്ന് ജോസഫ് പറഞ്ഞു. ജയിലിൽ നടന്ന യോഗത്തിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അധ്യക്ഷതവഹിച്ചു. 13 ജില്ല ജയിലുകൾ ഉള്ളതിൽ ഏറ്റവും മികച്ചത് മുട്ടത്തെ ജില്ല ജയിലാണെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ജയിലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും സ്ഥലം പാഴാക്കാതെ നിരവധി കൃഷികൾ ചെയ്തിട്ടുണ്ടെന്നും ഇത് അഭിമാനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. തടവുകാർക്ക് രോഗംവന്നാൽ കൊണ്ടുപോകാൻ ഒരു ആംബുലൻസ് അനുവദിച്ചുതരണമെന്ന് എം.എൽ.എയോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു. ജില്ല ജയിലിന് സ്വന്തമായി രണ്ടര ഏക്കർ സ്ഥലമാണുള്ളത്. ഇതിൽ ജയിൽ കെട്ടിടവും ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും ഒഴിവാക്കി ബാക്കിയുള്ള ഒന്നര ഏക്കർ സ്ഥലത്ത് ഇരുപതിൽപരം കാർഷികവിളകൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവക്കൊപ്പമാണ് ഇപ്പോൾ പശുവളർത്തൽ യൂനിറ്റ്കൂടി തുടങ്ങിയിരിക്കുന്നത്. കൃഷിയിൽ മികച്ച പ്രകടനം കാഴ്ചെവച്ചതിന് ജില്ല കൃഷി വകുപ്പിൽനിന്ന് ഒരുലക്ഷം രൂപ സമ്മാനമായി ജയിലിന് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.