പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ ആൾ മരിച്ചു: ആശുപത്രിയിലേക്ക്​ പോകും വഴി ആംബുലൻസ് ഇടിച്ച് രണ്ടുപേർക്ക് പരിക്ക്

കുമളി: വീട്ടുമുറ്റത്ത് കിടന്ന പാമ്പിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കടിയേറ്റ ആൾ ആശുപത്രിയിൽ മരിച്ചു. അട്ടപ്പള്ളം ലക്ഷംവീട് കോളനിയിൽ നാഗരാജാണ് (50) മരിച്ചത്. മൂർഖൻെറ കടിയേറ്റ് അവശനിലയിലായ നാഗരാജിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ആംബുലൻസ് ചെളിമടക്ക് സമീപം ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. ആനവിലാസം സ്വദേശി അനീഷ് (18), ഒപ്പമുണ്ടായിരുന്ന പതിമൂന്ന് കാരനുമാണ് പരിക്കേറ്റത്. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുമളി ഒന്നാം മൈൽ റോഡരികിലെ വീട്ടുമുറ്റത്താണ് പാമ്പിനെ കണ്ടെത്തിയത്. വീട്ടുകാർ വിവരം വനപാലകരെ അറിയിച്ചു. വനപാലകർ പാമ്പിനെ പിടിക്കാൻ പരിശീലനം ലഭിച്ച ആൾക്കാരുമായി വീട്ടിലെത്തിയെങ്കിലും അതിനു മുമ്പേ ഇതുവഴി കടന്നുപോയ നാഗരാജ് പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. ഇടതു കൈത്തണ്ടയിൽ പാമ്പിൻെറ കടിയേറ്റ നാഗരാജിനെ വലതു കൈയിൽ പാമ്പിനെ പിടികൂടിയ നിലയിലാണ് വനപാലകരെത്തിയപ്പോൾ കാണാനായത്. നിലത്ത് വീണുകിടന്ന നാഗരാജിനെ വനപാലകർ ഇടപെട്ട് ഉടൻ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. പാമ്പിനെ പിന്നീട് പിടികൂടി കാട്ടിനുള്ളിൽ തുറന്നുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.