ചെറുകിട മത്സ്യ കച്ചവടക്കാരുടെ സമരം; മൊത്തവിൽപന ശാലയുടെ പ്രവർത്തനാനുമതി പിൻവലിച്ചു

പിറവം: നഗരസഭ പൊതുമാർക്കറ്റിൽ ചെറുകിട മത്സ്യ കച്ചവടക്കാരുടെ സമരത്തെ തുടർന്ന് മൊത്തവിൽപന ശാലയുടെ പ്രവർത്തനാനുമതി പിൻവലിച്ചു. ചെറുകിട സ്റ്റാളുകൾക്ക് സമീപം ഏരൂർ സ്വദേശിയുടെ ചില്ലറ മൊത്ത വിൽപന ശാലക്ക് അനുമതി നൽകിയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചെറുകിട മത്സ്യ കച്ചവടക്കാർ നഗരസഭക്കു മുന്നിൽ സമരം നടത്തി. ഇതേ തുടർന്ന് ചേർന്ന കൗൺസിൽ യോഗത്തിൽ മൊത്തവിൽപന ശാലക്ക് നൽകിയ പ്രവർത്തനാനുമതി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികൾ നൽകിയ പരാതി മറച്ചുെവച്ചുകൊണ്ടാണ് ഉദ്യോഗസ്ഥർ മൊത്തവിൽപനശാലക്ക് ലൈസൻസ് അനുവദിച്ചതെന്ന് തൊഴിലാളികൾ ആരോപിച്ചു. ചർച്ചപോലും നടത്താതെ ഏകപക്ഷീയമായാണ് ലൈസൻസ് അനുവദിച്ചത്. ഇത്തരത്തിൽ ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കൗൺസിൽ യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. സ്ത്രീകൾ ഉൾപ്പെടെ ചെറുകിട കച്ചവടക്കാർക്ക് ദോഷകരമായ രീതിയിൽ മൊത്ത വിൽപശാലയുടെ ഉദ്ഘാടനം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടന്നത്. കൗൺസിൽ യോഗത്തിൽ തീരുമാനം ഉണ്ടാകുന്നതുകാത്ത് യോഗഹാളിന് പുറത്ത് തൊഴിലാളികൾ തടിച്ചുകൂടിയിരുന്നു. അനുകൂലമായ തീരുമാനം ഉണ്ടായതോടെ വ്യാപാര വ്യവസായ സമിതി നേതൃത്വത്തിൽ തൊഴിലാളികൾ ആഹ്ലാദപ്രകടനം നടത്തി. പൊതുമാർക്കറ്റിൽ നടന്ന യോഗം വ്യാപാര വ്യവസായ സമിതി കൂത്താട്ടുകുളം ഏരിയ പ്രസിഡൻറ് സോമൻ വല്ലയിൽ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് കെ.ആർ. ശശി അധ്യക്ഷതവഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി, നഗരസഭ അംഗങ്ങളായ അജേഷ് മനോഹർ, നീതു ഡിജോ, സിന്ധു ജയിംസ്, മെബിൻ ബേബി, തൊഴിലാളി പ്രതിനിധികളായ പി. പ്രദീപ്, നാരായണി വേലായുധൻ, പി.കെ. ജനീഷ്, പി.പി. വർഗീസ്, രതീഷ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.