റോഡ്​ കുരുങ്ങുന്നു; ബോട്ട്​ ഉണ്ടായിരുന്നുവെങ്കിൽ

അരൂർ: എറണാകുളത്തേക്കും തിരിച്ചുമുള്ള യാത്രയിൽ മണിക്കൂറുകൾ റോഡിൽ കുരുങ്ങി കിടക്കേണ്ടി വന്നതോടെ അരൂരും പരിസരത്തുമുള്ളവരുടെ ഒാർമകളിൽ ഇപ്പോൾ ബോട്ട് സർവിസ് ആണ്. റോഡ് ഗതാഗതം സുഗമമായതോടെ പതിറ്റാണ്ടുകൾ മുമ്പ് നിലച്ച ബോട്ട് സർവിസ് പുനരാരംഭിക്കുന്നതിനുള്ള ആവശ്യങ്ങളും ഉയരുന്നു. റോഡിലെ കുഴികളും പൊടിയും കുരുക്കും എല്ലാം കൂടിയായതോടെയാണ് ബോട്ട് സർവിസിൻെറ പ്രാധാന്യം തിരിച്ചറിയുന്നത്. മലിനീകരണവും ചെലവും കുറഞ്ഞ ജലയാത്രക്ക് ആവശ്യങ്ങൾ ഉയരുന്നുണ്ടെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുമില്ല. 1980 വരെ എറണാകുളം-അരൂക്കുറ്റി ബോട്ട് സർവിസ് കാര്യക്ഷമമായി ഉണ്ടായിരുന്നു. 1980നുശേഷം പുത്തനങ്ങാടി, മുക്കം എന്നിവിടങ്ങളിൽനിന്ന് എറണാകുളത്തേക്ക് സർവിസ് ആരംഭിച്ചിരുന്നു. എന്നാൽ, ബോട്ടിൻെറ വലിയ ശബ്ദവും പഴഞ്ചൻ രീതികളും വേഗക്കുറവും ബോട്ട് ജെട്ടിയിലേക്കുള്ള ആഴക്കുറവും മറ്റും തടസ്സങ്ങളായിരുന്നു. സർക്കാർ കാലാനുസൃതമായി ബോട്ട് സർവിസ് പരിഷ്കരിക്കാൻ തയാറായില്ല. '87ൽ എറണാകുളത്തേക്കുള്ള ബോട്ട് സർവിസ് പൂർണമായും നിലച്ചു. ബസുകളെ ആശ്രയിക്കാൻ തുടങ്ങി. അപ്പോഴേക്കും രണ്ട് ഹൈവേകൾ അരൂർ വഴി എറണാകുളത്തേക്ക് ഉണ്ടായിരുന്നു. സ്റ്റേറ്റ് ഹൈവേ തോപ്പുംപടി വഴിയും ദേശീയപാത വൈറ്റില വഴിയും ആയിരുന്നു. സ്വകാര്യ ബസുകൾ അരൂർ വഴി വൈറ്റിലയിലേക്ക് നീണ്ടതോടെ യാത്രക്കാർക്കും ആശ്വാസമായി. റോഡിൻെറ തകർച്ച, വാഹനപ്പെരുപ്പം എന്നിവ നിരന്തര ഗതാഗതക്കുരുക്കിലേക്ക് നയിച്ചു. അരൂരിൽനിന്ന് എറണാകുളത്തേക്കുള്ള യാത്ര ഏറ്റവും ദുഷ്കരമായി. 20 മിനിറ്റ് കൊണ്ട് എത്താൻ ആവശ്യമായ റോഡ് സംവിധാനങ്ങൾ ഉണ്ടായിട്ടും യാത്രക്കാർ മണിക്കൂറുകൾ റോഡിൽ വിയർക്കേണ്ടി വന്നു. എറണാകുളത്തേക്കുള്ള യാത്ര ജനങ്ങൾക്ക് പേടിസ്വപ്നമായി മാറി. വിശാലമായ കായൽ അരൂരിൽനിന്നും എറണാകുളം വരെ നീണ്ടുകിടക്കുമ്പോഴും ജലയാത്രയുടെ സാധ്യതകൾ പോലും ഉപയോഗിക്കാൻ അധികൃതർ ആലോചിച്ചില്ല. അരൂർ ഗ്രാമപഞ്ചായത്തിന് എറണാകുളത്തേക്ക് ബോട്ട് സർവിസ് ആരംഭിക്കാമായിരുന്നു. ആധുനിക സംവിധാനങ്ങളോടെയുള്ള ബോട്ടുകൾ നിർമിക്കുന്ന നിരവധി കമ്പനികൾ അരൂരിൽ തന്നെയുണ്ട്. ഒരെണ്ണം പോലും പരീക്ഷിക്കാൻ അധികൃതർ തയാറായില്ല. അരൂരിലെ ബോട്ട്ജെട്ടികൾ അമ്മനേഴം, മുക്കം, പുത്തനങ്ങാടി, അരൂക്കുറ്റി എന്നിവിടങ്ങളിൽ ഉപയോഗപ്രദമാണ്. ഒരുരൂപ പോലും അധികമായി മുടക്കാതെ ഇവിെടനിന്ന് ബോട്ട് സർവിസ് ആരംഭിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിയും. -കെ.ആർ. അശോകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.