ആർക്കോ വേണ്ടി സിഗ്​നൽ ലൈറ്റ്​: തങ്കിക്കവല കുരുതിക്കളം

ചേര്‍ത്തല: സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിക്കാത്ത തങ്കിക്കവല കുരുതിക്കളമായി മാറുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായിട്ടും സിഗ്നൽ ലൈറ്റുകൾ പ്രവർത്തിപ്പിക്കൽ അടക്കം നടപടികൾക്ക് അധികൃതർ തയാറാകുന്നില്ല. ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ദേശീയപാതയില്‍ തങ്കിക്കവലയിലെ സിഗ്നല്‍ ലൈറ്റാണ് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരിക്കുന്നത്. റോഡ് മറികടക്കുന്ന കാല്‍നട-ഇരുചക്ര വാഹന യാത്രികരാണ് അപകടത്തില്‍പെടുന്നവരിലധികവും. കടക്കരപ്പള്ളി, തങ്കി, തീരദേശപാതവഴി തോപ്പുംപടി, ചെല്ലാനം എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളും നൂറുകണക്കിന് സ്വകാര്യവാഹനങ്ങളും കവലയിലൂടെയാണ് തിരിഞ്ഞുപോകുന്നത്. ബിഷപ്മൂര്‍ സ്‌കൂള്‍, കണ്ടമംഗലം എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ കുട്ടികളും കണ്ടമംഗലം ക്ഷേത്രം, തങ്കി പള്ളി എന്നിവിടങ്ങളിലേക്ക് പോകുന്ന യാത്രക്കാരും കവലയിലെത്തിയാണ് കടന്നുപോകേണ്ടത്. മൂന്ന് ഭാഗത്തുനിന്ന് വാഹനങ്ങള്‍ എത്തുന്ന കവലയില്‍ പടിഞ്ഞാറുനിന്ന് വാഹനങ്ങള്‍ ദേശീയപാതയിലേക്ക് ഇതുവഴിയാണ് പ്രവേശിക്കുന്നത്. ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ കവലയിലേക്ക് പ്രവേശിക്കുന്ന വണ്ടികളില്‍ ഇടിക്കുന്നത് പതിവാണ്. സിഗ്നൽ ഇല്ലാതായ ശേഷം പത്തോളം മനുഷ്യരാണ് അപകടമരണത്തിന് ഇരയായത്. ആഴ്ചകൾക്ക് മുമ്പ് കണ്ടമംഗലം ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞെത്തിയ വീട്ടമ്മ കവലയിൽ വാഹനമിടിച്ച് മരിച്ചു. ഞായറാഴ്ച റോഡ് മറികടക്കുകയായിരുന്ന ഭിന്നശേഷിക്കാരന് ബൈക്ക് ഇടിച്ച് പരിക്കേറ്റതാണ് അപകട പരമ്പരയിലെ അവസാനത്തേത്. സിഗ്നല്‍ ലൈറ്റിൻെറ തകരാര്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് നാട്ടുകാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. ട്രാഫിക് പൊലീസിനെ നിയോഗിക്കാനും തയാറായിട്ടില്ലെന്നാണ് ആക്ഷേപം. -കെ.എൻ.എ. ഖാദർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.