കൊച്ചി: മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട കോടതി വിധി നടപ്പാക്കുന്നതിൻെറ ഭാഗമായി മരട് നഗരസഭ സെക്രട്ടറിയുടെ അധികച്ചുമതല സബ്കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് നൽകിയ നടപടിയിൽ പ്രതിഷേധം. ഇദ്ദേഹം പ്രത്യേക ദൗത്യത്തിന് ചുമതലയേൽക്കുകയും നിലവിലെ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ ചുമതലയിൽ നിന്നൊഴിവാകുകയും ചെയ്ത സാഹചര്യത്തിൽ നഗരസഭയുടെ ദൈനംദിന ഭരണവും പ്രവർത്തനങ്ങളും താളംതെറ്റുന്നതായി ചൂണ്ടിക്കാട്ടിയാണ് നഗരസഭ അധികൃതർ രംഗത്തുവന്നത്. വ്യാഴാഴ്ച ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കൗൺസിലർമാർ പ്രതിഷേധിച്ചു. സ്നേഹിൽകുമാർ സിങ്ങിന് പ്രത്യേക ചുമതല നൽകിയ കാര്യം അദ്ദേഹം ചുമതലയേറ്റ ശേഷമാണ് നഗരസഭ അധികൃതർ അറിഞ്ഞത്. ഇദ്ദേഹം ബുധനാഴ്ച രാവിലെ ചുമതലയേറ്റെങ്കിലും വൈകീട്ട് 4.30നാണ് സ്നേഹിൽകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് നഗരസഭയിൽ കിട്ടുന്നത്. ഫ്ലാറ്റ് കേസിൽ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമാണ് തൻെറ ചുമതലയെന്നും മറ്റൊന്നിലും ഇടപെടാനാവില്ലെന്നും വ്യക്തമാക്കിയാണ് സബ്കലക്ടർ ചുമതലയേറ്റത്. ഇതിനുപിന്നാലെ മുഹമ്മദ് ആരിഫ് ഖാൻ ചുമതലയൊഴിയുകയും ചെയ്തു. ഇദ്ദേഹത്തോട് ഒഴിയണമെന്ന് ഉത്തരവിൽ നിർദേശം നൽകിയിട്ടില്ലെങ്കിലും ഒഴിഞ്ഞത് എന്തിനാണെന്ന് തനിക്കറിയില്ലെന്ന് ചെയർപേഴ്സൻ ടി.എച്ച്. നദീറ 'മാധ്യമ'ത്തോട് പറഞ്ഞു. നിലവിൽ നഗരസഭയുടെ ഭരണനടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ മുഴുസമയ സെക്രട്ടറി വേണമെന്ന ആവശ്യം കൗൺസിലിൽ ഉയർന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പിന് കത്ത് നൽകാനിരിക്കുകയാണ് നഗരസഭ. ഇതിനിടെ, ബുധനാഴ്ച ചേർന്ന കൗൺസിലിൽ പങ്കെടുക്കാൻ സബ്കലക്ടറോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വരില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്നും ചെയർപേഴ്സൻ വ്യക്തമാക്കി. സബ്കലക്ടർ ചുമതലയേറ്റ സാഹചര്യവും തുടർനടപടികളും കൗൺസിൽ യോഗത്തിൽ ടി.എച്ച്. നദീറ വിശദീകരിച്ചു. ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇനി സബ്കലക്ടറുടെ കൈയിലാണെന്ന് അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.