സി.പി.എം നേതാവി​െൻറ വിരട്ടൽ; അതേനാണയത്തിൽ എസ്​.ഐയുടെ ചുട്ട മറുപടി

സി.പി.എം നേതാവിൻെറ വിരട്ടൽ; അതേനാണയത്തിൽ എസ്.ഐയുടെ ചുട്ട മറുപടി കളമശ്ശേരി: സി.പി.എം നേതാവിൻെറ ഫോണിലൂടെയുള്ള ഭീഷണിക്ക് അതേ നാണയത്തിൽ മറുപടി നൽകുന്ന, എസ്.ഐയുടെ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ തിങ്കളാഴ്ച നടന്ന യൂനിയൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ശേഷമുണ്ടായ സംഘർഷത്തിൽ എസ്.എഫ്.ഐ നേതാവിനെ പൊലീസ് ജീപ്പിൽ കയറ്റിയതിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടാണ് സി.പി.എം ഏരിയ സെക്രട്ടറി വി.എ. സക്കീർ ഹുസൈനും കളമശ്ശേരി സ്റ്റേഷൻ എസ്.ഐ അമൃത്രംഗനും തമ്മിൽ ഫോണിൽ പോർവിളി നടന്നത്. എസ്.എഫ്.ഐ നേതാവിനെ ജീപ്പിൽ കയറ്റാനുണ്ടായ സാഹചര്യം വിശദീകരിച്ചെങ്കിലും ലീഡർഷിപ്പിലിരിക്കുന്ന ഒരാളോട് മാന്യമായി പെരുമാറുകയാണ് വേണ്ടതെന്ന് സക്കീർ എസ്.ഐയോട് പറഞ്ഞു. എസ്.ഐ ആയി കളമശ്ശേരിയിൽ വന്നതിനുശേഷം വളരെ മോശമായ അഭിപ്രായമാണ് നിങ്ങളെക്കുറിച്ചെന്നും കളമശ്ശേരി രാഷ്ട്രീയവും നിലപാടുകളും മനസ്സിലാക്കി ഇടപെടുന്നത് നല്ലതായിരിക്കും എന്ന് സക്കീർ മുന്നറിയിപ്പും നൽകുന്നു. എന്നാൽ, തനിക്ക് അങ്ങനെ ഒരു നിലപാടില്ലായെന്നും നേരെ വാ, നേരെ പോ എന്നാണ് നിലപാടെന്നും എസ്.ഐ തിരിച്ചടിച്ചു. ഒരു രാഷ്ട്രീയപാർട്ടിയോടും കൂറൊന്നും ഇല്ലെന്നും ഇവിടെ അങ്ങനെയങ്ങ് ഇരിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലയെന്നും എസ്.ഐ തുറന്നടിച്ചു. താൻ ആരുടെയും കാല് പിടിച്ചല്ല കളമശ്ശേരിയിൽ വന്നിരിക്കുന്നത്. ചത്ത് പണിയെടുക്കുന്ന പൊലീസ് പറഞ്ഞത് മനസ്സിലാക്കാതെ പാർട്ടിക്കാർ പറയുന്നത് മാത്രം വിശ്വസിക്കരുത്. വിദ്യാർഥികൾ തമ്മിൽ തല്ലുേമ്പാൾ പൊലീസ് ഉദ്യോഗസ്ഥനെന്ന നിലക്ക് തനിക്കത് നോക്കിനിൽക്കാനാകില്ലെന്നും എസ്.ഐ പറയുന്നു. എന്നാൽ, രാഷ്ട്രീയക്കാരോട് നിങ്ങൾക്ക് പുച്ഛമായിരിക്കും എന്നാൽ, മാന്യമായി പെരുമാറാൻ പഠിക്കണമെന്ന് സക്കീർ പറഞ്ഞു. നിങ്ങൾക്കെന്താ കൊമ്പുണ്ടോയെന്ന് സക്കീർ ചോദിക്കുമ്പോൾ ടെസ്റ്റ് എഴുതി പാസായി യൂനിഫോമിട്ടാണ് ഇവിടെ എത്തിയതെന്നും നിങ്ങൾക്ക് കൊമ്പുണ്ടെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തു കൊള്ളാനും എസ്.ഐ പറയുന്നതും സംഭാഷണത്തിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.