അഭിമാനത്തേരിൽ തൈക്കൂടം പാതയിലെ ആദ്യയാത്രക്കാർ കൊച്ചി: മെട്രോ തൈക്കൂടം പാതയിൽ ഓരോ സ്റ്റേഷനിലും ആദ്യ യാത്രക്കാരാകാൻ മുൻകൂട്ടി നിശ്ചയിച്ചെത്തിയവർ ഏറെ. ചരിത്രത്തിൻെറ ഭാഗമാകാൻ രാവിലെ ആറിന് തന്നെ മിക്കവരും സ്റ്റേഷനുകളിലെത്തി. കടവന്ത്ര സ്റ്റേഷനിൽനിന്ന് ആദ്യ ടിക്കറ്റെടുത്തത് രാജേഷ് മാത്യുവായിരുന്നു. സൗത്ത് റെയിൽവേസ്റ്റേഷന് സമീപം ട്രാവൽ ഏജൻസി നടത്തുന്ന ഇദ്ദേഹത്തിന് ഇനി ജീവിതത്തിൻെറ ഭാഗമാകും. എളംകുളം സഹകരണ റോഡിൽ താമസിക്കുന്ന ജോൺസൺ രാവിലെതന്നെ ആദ്യയാത്രക്ക് എത്തി. പിന്നീട് കുടുംബവുമായും എത്തി. തൈക്കൂടത്തുനിന്ന് ആദ്യമായി യാത്ര ചെയ്തത് അമ്പലമേട് കുലദേവത ക്ഷേത്രത്തിലെ പൂജാരിയായ വെങ്കിടേഷ് ഭട്ടാണ്. മഹാരാജാസ് സ്റ്റേഷനിലേക്കായിരുന്നു യാത്ര. സൗത്ത് സ്റ്റേഷനിൽ നിന്നുള്ള ആദ്യ യാത്രക്കാരൻ ബംഗളൂരു ഇന്ദിരാനഗർ സ്വദേശി എ.ആർ. മഹേഷായിരുന്നു. വൈറ്റിലയിൽനിന്ന് ആദ്യമെത്തിയത് തിരുവനന്തപുരം സ്വദേശി അജയനാണ്. വൈറ്റിലയിൽ താമസിക്കുന്ന ഇദ്ദേഹം തൃശൂരിൽ ജോലിക്ക് പോകാൻ സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കാണ് ടിക്കറ്റെടുത്തത്. ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെട്ടതിൻെറ ആശ്വാസമാണ് എല്ലാവർക്കും. എല്ലാ ട്രെയിനുകളും തൈക്കൂടത്തേക്കില്ല; ആശയക്കുഴപ്പത്തിൽ യാത്രക്കാർ കൊച്ചി: എല്ലാ ട്രെയിനുകളും പുതിയ പാതയിൽ സർവിസ് നടത്താത്തത് ആശയക്കുഴപ്പത്തിന് വഴിവെച്ചു. ആലുവ മുതൽ വിവിധ സ്റ്റേഷനുകളിൽനിന്ന് തൈക്കൂടത്തേക്കും മറ്റും ടിക്കറ്റെടുത്ത് കയറിയ യാത്രക്കാരോട് എം.ജി റോഡിലും മഹാരാജാസ് സ്റ്റേഷനിലും ഇറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് അടുത്ത ട്രെയിനിലാണ് ഇവർക്ക് തൈക്കൂടം ഭാഗത്തേക്ക് പോകാനായത്. ഒന്നിടവിട്ട ട്രെയിനുകളാണ് പുതിയ പാതയിൽ സർവിസ് നടത്തുന്നത്. ഇക്കാര്യത്തിൽ മുന്നറിയിപ്പില്ലാതിരുന്നതിനാൽ പലരും ആശയക്കുഴപ്പത്തിലായി. ടിക്കറ്റെടുക്കുന്ന സമയത്ത് പോലും ഇത് പറയുന്നില്ല. ട്രെയിനിൽ കയറുമ്പോഴാണ് ഇക്കാര്യം അറിയിപ്പായി ലഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ വേഗം കുറച്ച് ഓടുന്നതും മറ്റുമാണ് പാതയിലേക്ക് എല്ലാ ട്രെയിനുകളും സഞ്ചരിക്കാത്തതിന് കാരണമെന്ന് കെ.എം.ആർ.എൽ അധികൃതർ പറഞ്ഞു. ട്രെയിനുകളുടെ എണ്ണം കുറവാണെന്ന വ്യാപക പരാതിയാണ് ആദ്യദിനം ലഭിച്ചത്. ആകെ 14 ട്രെയിനുകളാണ് റൂട്ടിൽ സർവിസ് നടത്തുന്നത്. ഒരുപാട് സമയം സ്റ്റേഷനുകളിൽ കാത്തിരുന്ന ശേഷമാണ് ട്രെയിനുകൾ ലഭിച്ചതെന്നും യാത്രക്കാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.